പോളിമര്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറ് പേര്‍ മരിച്ചു

പോളിമര്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ആറ് പേര്‍ മരിച്ചു



ഹൈദരാബാദ്: ആന്ധ്രയില്‍ പോറസ് ലബോറട്ടറീസിന്റെ പോളിമര്‍ ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30 യോടെയാണ് എലുരു ജില്ലയിലെ പ്ലാന്റില്‍ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകട സമയത്ത് 30 ഓളം പേര്‍ ജോലിയിലായിരുന്നു. വാതക ചോര്‍ച്ചയാണ് റിയാക്ടര്‍ പൊട്ടിത്തെറിക്കാന്‍ കാരണം എന്ന് കരുതുന്നു. എന്നാല്‍ തീപിടിക്കാനുള്ള കാരണം പൊട്ടിത്തെറിയാണോ ഷോര്‍ട് സര്‍ക്യൂട്ടാണോയെന്ന് വ്യക്തമായിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ധനസഹായം പ്രഖ്യാപിച്ചു. സാരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ധനസഹായം സര്‍ക്കാരില്‍ നിന്ന് ലഭിക്കും.