വിവാദങ്ങള്‍ക്കിടെ മുസ്ലിം പള്ളിക്ക് ഉച്ചഭാഷിണി സമ്മാനിച്ച് ഹിന്ദു സമൂഹം
മുംബൈ: മഹാരാഷ്ട്രയില്‍ പള്ളികളിലെ ഉച്ചഭാഷിണിക്കെതിരെ പ്രതിഷേധ വിവാദം തുടരുന്നതിനിടെ നാഗ്പ്പൂരിലെ കെല്‍വാഡ ഗ്രാമത്തില്‍ മുസ്ലിം പള്ളിക്ക് ഉച്ചഭാഷിണി സമ്മാനിച്ച് ഹിന്ദു ഗ്രാമം. കേല്‍വാഡയിലെ ഹിന്ദുവിഭാഗത്തില്‍പ്പെട്ടവര്‍ കിന്‍ഹോള ഗ്രാമത്തിലെ മുസ്ലീം പള്ളിക്ക് ഉച്ചഭാഷിണി സമ്മാനിച്ചാണ് സംസ്ഥാനത്ത് ഉയരുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സന്ദേശവുമായി രംഗത്തെത്തിയത്. കെല്‍വാഡയില്‍ നിന്നും ആറുകിലോമീറ്റര്‍ അകലെയാണ് കിന്‍ഹോള സ്ഥിതി ചെയ്യുന്നത്. കിന്‍ഹോളയിലെ പള്ളി അധികൃതരെ വിളിച്ചുവരുത്തി കെല്‍വാഡയില്‍ നിന്നുള്ളവര്‍ ഉച്ചഭാഷിണി പാരിതോഷികമായി നല്കുകയായിരുന്നു. ഐക്യത്തിന്റെയും സ്നേഹത്തിന്റേയും ചിഹ്നമായാണ് ഉച്ചഭാഷിണി ഉപഹാരമായി നല്‍കിയത്. മുസ്ലീം പള്ളിക്ക് ഉച്ചഭാഷിണി ഉപഹാരമായി നല്‍കിയത് സംസ്ഥാനത്ത് ഉയരുന്ന ഉച്ചഭാഷിണിക്കെതിരെയുള്ള പ്രതിഷേധത്തിനെതിരെയുള്ള സന്ദേശമാണിതെന്ന് കെല്‍വാഡയിലെ സമാധാന കമ്മിറ്റി അധ്യക്ഷന്‍ ഉമേഷ് പട്ടേല്‍ അഭിപ്രായപ്പെട്ടു. മുസ്ലീം, ഹിന്ദു വിഭാഗങ്ങള്‍ സൗഹാര്‍ദ്ദത്തോടെ കഴിയുന്ന സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ് പെട്ടെന്നുയര്‍ന്ന ഉച്ചഭാഷിണി പ്രഷേധത്തിലൂടെയെന്നും ഉമേഷ് പട്ടേല്‍ ചൂണ്ടിക്കാട്ടി.
തങ്ങളുടെ പള്ളിയില്‍ ഉച്ചഭാഷിണി നിലവില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉപഹാരമായി ലഭിച്ച ഉച്ചഭാഷിണി സ്നേഹത്തിന്റെ ചിഹ്നമായാണ് സ്വീകരിക്കുന്നെന്നുമാണ് കിന്‍ഹോളയിലെ മുസ്ലീം പള്ളി അധികാരികള്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചത്.