300 കുട്ടികളുള്ള സ്‌കൂളുകളിലും കായിക അധ്യാപക തസ്തിക അനുവദിക്കും എൻ. ഷംസുദ്ദീൻ.; സ്വർണക്കപ്പ് പര്യടനം തുടങ്ങി
കായികക്ഷമത ഉറപ്പാക്കാൻ സ്‌കൂളുകളിൽ മികച്ച കായിക സംസ്‌കാരം വളർത്തണം; സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 25 മുതൽ കോഴിക്കോട്
തിരുവനന്തപുരം: 300 കുട്ടികളുള്ള സ്‌കൂളുകളിലും കായിക അധ്യാപക തസ്തിക അനുവദിക്കാൻ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. കുട്ടികളുടെ പഠനത്തിലും ജീവിതത്തിലും കായികക്ഷമതയ്ക്ക് ഒരുപോലെ പ്രാധാന്യമുണ്ടെന്നും നല്ല ആരോഗ്യമുള്ള മനസ്സും ശരീരവും ഉണ്ടെങ്കിലേ മികച്ച രീതിയിൽ പഠിക്കാനും നേട്ടങ്ങൾ കൈവരിക്കാനും കഴിയൂവെന്നും മന്ത്രി പറഞ്ഞു. അറുപത്തിയെട്ടാമത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് പര്യടന യാത്ര തിരുവനന്തപുരം പട്ടം ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.

നേരത്തേ 500 കുട്ടികളുള്ള സ്‌കൂളുകളിൽ മാത്രമാണ് കായിക അധ്യാപക തസ്തിക അനുവദിച്ചിരുന്നത്. സ്‌കൂളുകളിൽ കായിക പരിശീലനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ പരിധി 300 കുട്ടികളായി കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും കായിക അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിനായി പ്രത്യേക പഠന കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്.

കായികമേളകളിൽ ഉത്തേജക മരുന്നുകളുടെ ഉപയോഗം, പ്രായത്തിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ മന്ത്രി എൻ. ഷംസുദ്ദീൻ സ്വർണക്കപ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയന് കൈമാറി. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ബോസ് വൈ.എസ് അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഷിബു ആർ.എസ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ശിവദാസൻ, ഡെപ്യൂട്ടി ഡയറക്ടർ ബിജു ആർ, സ്‌കൂൾ പ്രിൻസിപ്പൽ ലൈലാസ് തുടങ്ങിയവർ പങ്കെടുത്തു.
ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോടാണ് സംസ്ഥാന സ്‌കൂൾ കായികമേള നടക്കുന്നത്. വിവിധ ജില്ലകളിലെ സ്‌കൂളുകളിൽ സ്വീകരണം ഏറ്റുവാങ്ങുന്ന മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ഒക്ടോബർ 25ന് കോഴിക്കോടെത്തും. കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കാണ് സ്വർണക്കപ്പ് സമ്മാനിക്കുക. 117.5 പവൻ തൂക്കമുള്ളതാണ് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പ്.
കായികമേളയുടെ ഭാഗമായുള്ള ദീപശിഖാ പ്രയാണം വെള്ളിയാഴ്ച കാസർകോട് നിന്ന് ആരംഭിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)