ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകളുമായി ‘ചൊറിയൻപുഴ യുദ്ധം’; നവംബർ 8ന് പത്തനംതിട്ടയിൽ
ചുവരെഴുത്തുകളിലൂടെ പഴയകാല പ്രചാരണരീതി തിരിച്ചുപിടിച്ച് കെപിസിസി സാഹിതി തിയറ്റേഴ്സ്
പത്തനംതിട്ട: വൈക്കം മുഹമ്മദ് ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾക്ക് നാടകാവിഷ്കാരം നൽകി കെപിസിസി സാഹിതി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന ‘ചൊറിയൻപുഴ യുദ്ധം’ നവംബർ 8ന് പത്തനംതിട്ടയിൽ അരങ്ങേറും. നാടകത്തിന്റെ പ്രചാരണാർഥമുള്ള ചുവരെഴുത്തുകൾക്ക് നഗരത്തിൽ തുടക്കമായി. പഴയകാല സാംസ്കാരിക പ്രചാരണരീതികളെ ഓർമിപ്പിച്ചുകൊണ്ടാണ് ചുവരെഴുത്തുകളിലൂടെ നാടകത്തിന്റെ വരവറിയിക്കുന്നത്.
യുദ്ധങ്ങൾ അവസാനിക്കണമെന്നും ലോകത്ത് സമാധാനവും മാനവികതയും പുലരണമെന്നുമുള്ള സന്ദേശമാണ് നാടകം മുന്നോട്ടുവയ്ക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന നാടകം രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെ കലയുടെ ഭാഷയിൽ അവതരിപ്പിക്കുന്നു. സി. ആർ. മഹേഷ് എംഎൽഎ, ഹേമന്ത് കുമാർ, രാജേഷ് ഇരുളം എന്നിവരുടെ നേതൃത്വത്തിലാണ് നാടകത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള പ്രചാരണരീതികൾക്കപ്പുറം, നാട്ടുവഴികളിലും പൊതുഇടങ്ങളിലും ചുവരെഴുത്തുകൾ നിറഞ്ഞുനിന്നിരുന്ന പഴയകാല സാംസ്കാരിക ഓർമകളെ വീണ്ടെടുക്കുക എന്ന ലക്ഷ്യവും പ്രചാരണത്തിനുണ്ട്. പരമ്പരാഗത ചുവരെഴുത്ത് കലാരൂപത്തെ വീണ്ടും സജീവമാക്കാനുള്ള ശ്രമം കൂടിയാണിത്.
നവംബർ 8ന് വൈകുന്നേരം ഏഴിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് നാടകം അരങ്ങേറുക. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ചെയർമാനായും നഹാസ് പത്തനംതിട്ട ജനറൽ കൺവീനറായും പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു.
യുദ്ധവിരുദ്ധ സന്ദേശവും സാമൂഹിക പ്രസക്തിയും ഉയർത്തിപ്പിടിക്കുന്ന നാടകം ആസ്വദിക്കാൻ സാംസ്കാരിക പ്രവർത്തകരെയും നാടകപ്രേമികളെയും സംഘാടകർ ക്ഷണിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)