സ്വർണവിലയിൽ വൻ കുതിപ്പ്; 24 മണിക്കൂറിനിടെ പവന് കൂടിയത് 4,680 രൂപ, റെക്കോർഡ് വിലയിലേക്ക്?
ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും ഡോളറിന്റെ മൂല്യത്തകർച്ചയും സ്വർണവിപണിയിൽ പ്രതിഫലിക്കുന്നു; പവന് വില 1.07 ലക്ഷം കടന്നു
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ്. വെറും 24 മണിക്കൂറിനിടെ ഒരു പവൻ സ്വർണത്തിന് വർധിച്ചത് 4,680 രൂപ. ഇന്നലെയും ഇന്നുമായി വിലയിലുണ്ടായ കുതിപ്പ് ഉപഭോക്താക്കളെയും നിക്ഷേപകരെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്. സ്വർണം വീണ്ടും സർവകാല റെക്കോർഡിലേക്ക് കുതിക്കുമോ എന്ന ചർച്ചയും സജീവമായി.
ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് 2,360 രൂപയാണ് വർധിച്ചത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,07,080 രൂപയായി. ഗ്രാമിന് 13,385 രൂപയാണ് ഇന്നത്തെ വില. ഇന്നലെ രണ്ട് തവണയായാണ് ഏകദേശം 2,400 രൂപയുടെ വർധനവുണ്ടായത്.
ഇറാനെതിരായ യുദ്ധത്തിൽനിന്ന് അമേരിക്ക പിന്നാക്കം പോയേക്കുമെന്ന സൂചനകൾക്കൊപ്പം ക്രൂഡ് ഓയിൽ വിലയിലും വലിയ ഇടിവുണ്ടായി. മൂന്ന് ദിവസം മുമ്പ് ബാരലിന് 105 ഡോളറിന് മുകളിലായിരുന്ന ക്രൂഡ് ഓയിൽ വില ഇന്ന് 93 ഡോളറിലേക്ക് താഴ്ന്നു.
അമേരിക്കൻ ഡോളറിന്റെ മൂല്യം ഇടിയുന്നതും മറ്റു കറൻസികളുടെ മൂല്യം ഉയരുന്നതും സ്വർണത്തിന് ആവശ്യക്കാർ വർധിക്കാൻ കാരണമാകുന്നു. ഡോളറിന് പകരം മറ്റു കറൻസികൾ ഉപയോഗിച്ച് കൂടുതൽ നിക്ഷേപകർ സ്വർണം വാങ്ങുന്നതും വില ഉയരാൻ ഇടയാക്കുന്നുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 4,140 ഡോളറിലെത്തി. രണ്ട് ദിവസം മുമ്പ് 3,800 ഡോളറിനടുത്തായിരുന്നു വ്യാപാരം. ഇത്ര കുറഞ്ഞ സമയത്തിനുള്ളിലുണ്ടായ വലിയ മുന്നേറ്റമാണ് വിപണിയെ ശ്രദ്ധേയമാക്കുന്നത്.
നിലവിലെ പ്രവണത തുടർന്നാൽ സ്വർണവില ഇനിയും ഉയർന്നേക്കാമെന്നാണ് വിപണിയിലെ വിലയിരുത്തൽ. എന്നാൽ ഉയർന്ന വിലയിൽ ലാഭമെടുക്കാൻ നിക്ഷേപകർ സ്വർണം വിറ്റഴിക്കാൻ തുടങ്ങിയാൽ വിലയിൽ തിരുത്തലുണ്ടാകാനും സാധ്യതയുണ്ട്.
എങ്കിലും പെട്ടെന്നുള്ള വലിയ ഇടിവിനേക്കാൾ ക്രമേണയുള്ള വിലമാറ്റത്തിനാണ് സാധ്യതയെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും നിലവിൽ കൈവശമുള്ള സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവർക്കും വരും ദിവസങ്ങളിലെ വിപണിനീക്കം നിർണായകമാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)