നാഗർകോവിലിൽ ഞെട്ടിക്കുന്ന ക്രൂരത; ട്രെയിൻ കോച്ചിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, 31കാരൻ അറസ്റ്റിൽ

നാല് ദിവസത്തോളം പുറത്തറിയാതെ കിടന്നത് ക്രൂരകൃത്യം; മൃതദേഹം കണ്ടെത്തിയത് സീറ്റിനടിയിൽ അഴുകിയ നിലയിൽ

Nov 21, 2026 - 11:47
0
നാഗർകോവിലിൽ ഞെട്ടിക്കുന്ന ക്രൂരത; ട്രെയിൻ കോച്ചിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, 31കാരൻ അറസ്റ്റിൽ

മധുര: നാഗർകോവിൽ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് ക്രൂരമായി മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കന്യാകുമാരി ചെമ്പകരാമൻപുത്തൂർ സ്വദേശി അയ്യപ്പൻ (31) ആണ് റെയിൽവേ പോലീസിന്റെ പിടിയിലായത്.

നാഗർകോവിൽ ജങ്ഷനിലെ 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ഭിന്നശേഷിക്കാർക്കായുള്ള കോച്ചിലെ സീറ്റിനടിയിൽ നിന്നാണ് 50 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. നവംബർ 18-ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ നവംബർ 14-ന് പുലർച്ചെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

നാഗർകോവിൽ ഈസ്റ്റ് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം വ്യാപിപ്പിച്ചു.

റെയിൽവേ പോലീസ് ഇൻസ്പെക്ടർ കാതറിൻ സുജാതയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. നവംബർ 14-ന് രാവിലെ എട്ടുമണിയോടെ വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ട്രെയിൻ കോച്ചിൽനിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് അയ്യപ്പനെ തിരിച്ചറിഞ്ഞ് പിടികൂടിയത്.

നവംബർ 14-ന് പുലർച്ചെ 12.30-ഓടെ അഞ്ചാം പ്ലാറ്റ്ഫോമിന് സമീപം നടന്നുപോവുകയായിരുന്ന സ്ത്രീയെ പ്രതി പിടികൂടി ആളൊഴിഞ്ഞ കോച്ചിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. തുടർന്ന് ക്രൂരമായി മർദിക്കുകയും ചവിട്ടുകയും ചെയ്തു. ഇതേത്തുടർന്നുണ്ടായ ഗുരുതര പരിക്കുകളാണ് മരണകാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ നാല് മാസമായി പ്രതി നാടോടിയായി അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നുവെന്നാണ് വിവരം. അറസ്റ്റിനും ചോദ്യംചെയ്യലിനും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരുടെ വ്യക്തിത്വം കണ്ടെത്താനുള്ള നടപടികൾ പോലീസ് തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User