യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് കനാലിൽ തള്ളി; ഇറച്ചിക്കട ഉടമ അറസ്റ്റിൽ

പണത്തെയും കുട്ടിയുടെ സംരക്ഷണത്തെയും ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചെന്ന് പൊലീസ്; പ്രതിയുടെ സുഹൃത്ത് ഒളിവിൽ

Sep 30, 2026 - 07:11
0
യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് കനാലിൽ തള്ളി; ഇറച്ചിക്കട ഉടമ അറസ്റ്റിൽ

വിജയവാഡ: ആന്ധ്രാപ്രദേശിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് കനാലിൽ തള്ളിയ കേസിൽ ഇറച്ചിക്കട ഉടമ അറസ്റ്റിൽ. മംഗളഗിരി സ്വദേശിനിയായ കല്യാണി (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഹമ്മദ് ഷാഫി (35) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പണത്തെയും കല്യാണിയുടെ കുട്ടിയുടെ സംരക്ഷണത്തെയും ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സെപ്റ്റംബർ 18ന് ഇബ്രാഹിംപട്ടണത്തെ കനാലിന് സമീപം തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ തലയും കാലുകളും മറ്റു ശരീരഭാഗങ്ങളും കണ്ടെത്തി. ഇതിനായി ഡ്രോണുകളുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സഹായത്തോടെ കനാലിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഒരു കൈ കണ്ടെത്താനായിട്ടില്ല.

സെപ്റ്റംബർ 17ന് ഭവാനിപുരത്തെ മുഹമ്മദ് ഷാഫിയുടെ വീട്ടിൽവച്ചാണ് കൊലപാതകം നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി അസിസ്റ്റന്റ് കമ്മിഷണർ എൻ.എസ്.വി.കെ. ദുർഗ റാവു അറിയിച്ചു. ഭാര്യയെയും കുട്ടികളെയും ഗുണ്ടൂരിലേക്ക് അയച്ചശേഷം ഷാഫി കല്യാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് പറയുന്നത്.

പണത്തെയും ഷാഫിയുടെ കുടുംബത്തിന്റെ സംരക്ഷണത്തിലായിരുന്ന കല്യാണിയുടെ കുട്ടിയെയും ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഷാഫി കത്തികൊണ്ട് ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പൊലീസ് വിശദീകരണം.

മൃതശരീരം തിരിച്ചറിയുന്നത് തടയാനും തെളിവുകൾ നശിപ്പിക്കാനുമായി തലയും കാലുകളും മറ്റു ശരീരഭാഗങ്ങളും വെട്ടിമുറിച്ച് ഗോല്ലാപ്പുടിയിലെ കനാലിൽ തള്ളിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

സിസിടിവി ദൃശ്യങ്ങളും സാങ്കേതികതെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കേസിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയ ഷാഫിയുടെ സുഹൃത്ത് അബള്ള ദുർഗ റാവു ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണ്.കല്യാണിയുടെ മകൻ നിലവിൽ ഷാഫിയുടെ ഭാര്യയുടെ സംരക്ഷണത്തിലാണ്. കുട്ടിയുടെ തുടർസംരക്ഷണം സംബന്ധിച്ച് അധികൃതർ നിയമോപദേശം തേടിയിട്ടുണ്ട്. കുട്ടിയെ ഐസിഡിഎസ് വകുപ്പിന് കൈമാറുന്നതും പരിഗണനയിലാണ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User