കേരളത്തിൽ ഇന്നും മഴ ശക്തമാകും; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം
10 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കുന്നതിനാൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാളെ (ഒക്ടോബർ 22) ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഒക്ടോബർ 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബർ 24ന് സംസ്ഥാനത്ത് മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അന്ന് യെല്ലോ അലർട്ട്.
കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര, തീരദേശ മേഖലകളിൽ പലയിടത്തും വീടുകളിൽ വെള്ളം കയറി. വിതുര, പൊൻമുടി മേഖലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് ചെറുപാലങ്ങൾ വെള്ളത്തിനടിയിലായി.
കൊല്ലം ചാത്തന്നൂരിലും കനത്ത മഴയെ തുടർന്ന് ദേശീയപാതയിലും സർവീസ് റോഡിലും വെള്ളം കയറി. മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. അപകടസാധ്യതയുള്ള മേഖലകളിലുള്ളവർ നിർദേശമുണ്ടായാൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)