'സ്കൂൾ ശരിയാക്കൂ’; CJPയുടെ ‘പ്രൊട്ടസ്റ്റ് സീസൺ 2’ വരുന്നു

ജന്തർ മന്തർ സമരത്തിന് പിന്നാലെ പുതിയ നീക്കം; ആഗസ്റ്റ് 15 മുതൽ ഗ്രാമീണ സർക്കാർ സ്കൂളുകളെ കേന്ദ്രീകരിച്ച് ‘School Theek Karo’ ക്യാംപയിൻ

'സ്കൂൾ ശരിയാക്കൂ’; CJPയുടെ ‘പ്രൊട്ടസ്റ്റ് സീസൺ 2’ വരുന്നു

ന്യൂഡൽഹി: സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്തുക, ഗ്രാമീണ മേഖലയിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് Cockroach Janata Party (CJP) പുതിയ പ്രചാരണത്തിന് ഒരുങ്ങുന്നു. ‘School Theek Karo’ (സ്കൂൾ ശരിയാക്കൂ) എന്ന പേരിലുള്ള ക്യാംപയിൻ ആഗസ്റ്റ് 15 മുതൽ ആരംഭിക്കുമെന്ന് CJP സ്ഥാപകൻ അഭിജീത് ദിപ്കെ പ്രഖ്യാപിച്ചു. 

ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെടുത്തുകയാണ് ക്യാംപയിന്റെ പ്രധാന ലക്ഷ്യമെന്ന് ദിപ്കെ വ്യക്തമാക്കി. ഇതിനായി CJP പ്രവർത്തകർ വിവിധ ഗ്രാമങ്ങൾ സന്ദർശിച്ച് സർപഞ്ചുമാരുമായും പ്രാദേശിക ജനങ്ങളുമായും ചർച്ച നടത്തും. സ്കൂളുകളുടെ നിലവിലെ അവസ്ഥ വിലയിരുത്തി ആവശ്യമായ ഇടപെടലുകൾ നടത്താനാണ് നീക്കം. 

“മികച്ച സ്കൂൾ, മികച്ച വിദ്യാഭ്യാസം, മികച്ച ഭാവി” എന്ന ആശയമാണ് ക്യാംപയിൻ മുന്നോട്ടുവയ്ക്കുന്നത്. ഓരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം അവകാശമാണെന്നും സ്കൂളുകൾ മെച്ചപ്പെടുത്തിയാൽ മാത്രമേ കുട്ടികളുടെ ഭാവി സുരക്ഷിതമാകൂവെന്നും CJP ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കഴിഞ്ഞ മാസം ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിയ വിദ്യാർഥി പ്രക്ഷോഭത്തിന്റെ തുടർച്ചയായി ‘Jantar Mantar Season 2’ ഉടൻ ആരംഭിക്കുമെന്നും CJP പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 12ന് നടന്ന പൊതുയോഗത്തിലാണ് അഭിജീത് ദിപ്കെ പുതിയ ഘട്ടം ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചത്. 

CJPയുടെ നേതൃത്വത്തിൽ നടന്ന മുൻ പ്രക്ഷോഭം 37 ദിവസം നീണ്ടുനിന്നിരുന്നു. പരീക്ഷാ ക്രമക്കേടുകൾ, വിദ്യാർഥികളുടെ പ്രശ്നങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് സമരത്തിൽ പ്രധാനമായും ഉയർത്തിയത്. ജൂലൈ 25ന് സമരം പിൻവലിച്ചിരുന്നു.

പുതിയ ഘട്ടത്തിൽ രാജ്യവ്യാപകമായി ‘Listening Tour’ നടത്താനും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാനും CJP പദ്ധതിയിടുന്നതായി പാർട്ടി ചീഫ് വക്താവ് സൗരവ് ദാസ് അറിയിച്ചു. ഇതിൽ വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് പ്രത്യേക മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇതിന്റെ ഭാഗമായാണ് ‘സ്കൂൾ ശരിയാക്കൂ’ ക്യാംപയിൻ. സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസ നിലവാരം, കുട്ടികൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രാദേശിക തലത്തിൽ ചർച്ചയാക്കാനാണ് CJP ലക്ഷ്യമിടുന്നത്.

“സ്കൂൾ ശരിയാക്കൂ, ഭാവി സുരക്ഷിതമാക്കൂ” എന്ന മുദ്രാവാക്യവുമായി എത്തുന്ന ക്യാംപയിൻ വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി ശ്രദ്ധ നേടുമോയെന്നതാണ് ഇനി ഉറ്റുനോക്കുന്നത്.