പിലിക്കോട് കുഞ്ഞമ്പു വധക്കേസ്: ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവ്; രണ്ടുലക്ഷം രൂപ വീതം പിഴ
2021 ജൂലൈയിൽ നടന്ന കൊലപാതകക്കേസിൽ വിധി; മൂന്നാം പ്രതി വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.
കാസർകോട്: പിലിക്കോട് മടിവയലിൽ അറുപത്തേഴുകാരനായ പത്താനത്ത് കുഞ്ഞമ്പുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവുശിക്ഷ. ഒന്നാം പ്രതിയായ ഭാര്യ ജാനകി എന്ന വെമ്പിരിച്ചി ജാനകി (55), രണ്ടാം പ്രതി രാജേഷ് എന്ന ഉണ്ട രാജേഷ് (40) എന്നിവരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ട് ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. ഇരുവരും രണ്ടുലക്ഷം രൂപ വീതം പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു.
2021 ജൂലൈ 21-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കോവിഡ് ബാധയെ തുടർന്ന് ശരീരത്തിന്റെ ഒരുഭാഗത്തിന് ശേഷിക്കുറവുണ്ടായിരുന്ന കുഞ്ഞമ്പുവിനെ വീട്ടിനുള്ളിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. രണ്ടാം പ്രതിയായ രാജേഷിന് ജീവപര്യന്തം തടവിന് പുറമെ 10 വർഷം അധികതടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചതായും റിപ്പോർട്ടുണ്ട്.
കുഞ്ഞമ്പുവിന്റെ ബന്ധുവായ പ്രമോദ് നൽകിയ പരാതിയിൽ ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്.
അന്നത്തെ ചന്തേര എസ്.ഐയും നിലവിൽ കാസർകോട് വിജിലൻസ് ഇൻസ്പെക്ടറുമായ എം.വി. ശ്രീദാസാണ് ആദ്യം കേസന്വേഷിച്ചത്. തുടരന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ചന്തേര പൊലീസ് ഇൻസ്പെക്ടറും നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ പി. നാരായണനാണ്.
കേസിലെ മൂന്നാം പ്രതിയായ അനിൽ എന്ന അനിമാമൻ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹനൻ ഹാജരായി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
1
Wow
0
Sad
0
Angry
0
Comments (0)