വീണാ ജോർജിന് കുരുക്ക് മുറുകുന്നു? കെ.എസ്.യു പരാതിയിൽ കേസെടുക്കാൻ നീക്കം; ഗൺമാനും നടപടി നേരിട്ടേക്കും
കണ്ണൂരിലെ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട പരാതിയിൽ നടപടി വേഗത്തിലാക്കി എസ്ഐടി; ഗൺമാൻ അഭിലാഷിനെതിരായ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും.
തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ കെ.എസ്.യു പരാതിയിൽ കേസെടുക്കുന്നത് പരിഗണിക്കുന്നു. സംഭവത്തിൽ വീണാ ജോർജിന്റെ ഗൺമാൻ അഭിലാഷിനെ സസ്പെൻഡ് ചെയ്യുന്നതും പരിഗണനയിലുണ്ട്. അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അഭിലാഷിനെതിരായ റിപ്പോർട്ട് ഉടൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് കൈമാറും.
ഉത്തരവാദിത്വമുള്ള പദവിയിലിരുന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് വീണാ ജോർജിനെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെ.എസ്.യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന ഗൺമാൻ അഭിലാഷിന്റെ പരാതിയിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. ഇതിനെതിരെയാണ് കെ.എസ്.യു പ്രവർത്തകർ പരാതി നൽകിയത്.
ഗൺമാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതിന്റെ സാഹചര്യം എസ്ഐടി പരിശോധിക്കും. കേസിൽ പ്രതികളായ അഞ്ച് കെ.എസ്.യു പ്രവർത്തകരോട് മൊഴി നൽകാൻ ഇന്ന് ഹാജരാകാനും അന്വേഷണസംഘം നിർദേശിച്ചിട്ടുണ്ട്. മാരകായുധങ്ങളുമായി എത്തിയ കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു ഗൺമാന്റെ പരാതി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. കേസിനെതിരെ അന്ന് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം വീണാ ജോർജിന്റെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെ.എസ്.യുവും യൂത്ത് കോൺഗ്രസും പരാതിയുമായി രംഗത്തെത്തിയത്. കേസിനെ തുടർന്ന് ജില്ലാ നേതാക്കൾക്ക് ജയിലിൽ കഴിയേണ്ടിവന്നതും ഒരു നേതാവിന്റെ വീടിനുനേരെ ആക്രമണമുണ്ടായതും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തിൽ വേഗത്തിൽ നടപടി സ്വീകരിക്കാൻ ആഭ്യന്തരവകുപ്പ് പോലീസ് മേധാവിക്ക് നിർദേശം നൽകിയതായാണ് വിവരം.
ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. അഞ്ച് സ്ഥലങ്ങളിൽ പ്രതിഷേധമുണ്ടായി. പെരിങ്ങോത്ത് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീർ ഇക്ബാലിനെ സിപിഎം പ്രവർത്തകർ മർദിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് കണ്ണൂരിൽ പ്രതിഷേധം ശക്തമായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)