എൽ.പി. സ്കൂൾ അധ്യാപക അനുപാതം കുറയ്ക്കില്ല; പുതിയ നിയമനത്തിനും സാധ്യതയില്ലെന്ന് മുഖ്യമന്ത്രി
നിലവിൽ എൽ.പി. സ്കൂളുകളിലെ വിദ്യാർഥി–അധ്യാപക അനുപാതം 1:19; കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 1:11 മാത്രം. എൽ.പി.എസ്.ടി. സമരസമിതിയുടെ പ്രധാന ആവശ്യം തള്ളി സർക്കാർ.
തിരുവനന്തപുരം: എൽ.പി. സ്കൂളുകളിലെ വിദ്യാർഥി–അധ്യാപക അനുപാതം 1:25 ആയി കുറച്ചാലും പുതിയ അധ്യാപകർക്ക് നിയമനം നൽകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലവിൽ സംസ്ഥാനത്തെ പല ജില്ലകളിലും വിദ്യാർഥി–അധ്യാപക അനുപാതം ഇതിനേക്കാൾ താഴെയാണെന്നും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 1:11 മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ ശരാശരി അനുപാതം 1:19 ആണെന്നും മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എൽ.പി.എസ്.ടി. സമരസമിതി ഉന്നയിച്ച അഞ്ചു ആവശ്യങ്ങളിൽ നാലെണ്ണം സർക്കാർ അംഗീകരിച്ചെങ്കിലും വിദ്യാർഥി–അധ്യാപക അനുപാതം കുറയ്ക്കണമെന്ന പ്രധാന ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ് ഡിവിഷൻ ഫാൾ ഉണ്ടാകുന്നതിലൂടെ തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തസ്തികകൾ ഇല്ലാതെ വിജ്ഞാപനം പുറപ്പെടുവിച്ച് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പി.എസ്.സിയുമായി ചർച്ച നടത്തും. പല റാങ്ക് ലിസ്റ്റുകളിലും ഒന്നാം റാങ്കുകാർക്കുപോലും നിയമനം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഷയങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധിക്കും. സമരം അവസാനിപ്പിക്കുമെന്ന ധാരണയുണ്ടായാൽ മറ്റ് ആവശ്യങ്ങളിൽ ഉത്തരവിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പോർട്സ് ബിൽ, പബ്ലിക് സർവീസ് കമ്മിഷൻ ഭേദഗതി ബിൽ, റാഗിങ് നിരോധന ബിൽ എന്നിവയ്ക്കും മന്ത്രിസഭാ യോഗം അനുമതി നൽകി. സ്വകാര്യ സർവകലാശാല ബിൽ ഉൾപ്പെടെയുള്ളവ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോൺഗ്രസിനുള്ളിലെ തർക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. താൻ ഈ നാട്ടുകാരനല്ലെന്നും മാവിലായിക്കാരനാണെന്നും പറഞ്ഞ അദ്ദേഹം പാർട്ടിക്കാര്യങ്ങൾ കെ.പി.സി.സി പ്രസിഡന്റിനോട് ചോദിക്കണമെന്നും പ്രതികരിച്ചു.
കാലടി സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥികളെ പരീക്ഷ എഴുതിക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ അവിടെ സമരം നടന്നപ്പോൾ വിദ്യാർഥികളെ ഡിസ്മിസ് ചെയ്തവരാണ് ഇപ്പോൾ സമരത്തെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
സഭാ തർക്കത്തിൽ ഒത്തുതീർപ്പുണ്ടാകണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നും അതുകൊണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തനിക്കെതിരെ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും ഒരു പ്രധാന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു കേന്ദ്രത്തിൽനിന്നാണ് ഇതിന് പിന്നിലെ നീക്കമെന്നും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)