പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് സമഗ്ര വികസന പദ്ധതികൾ നടപ്പാക്കും: മന്ത്രി കെ.എ. തുളസി

ദളിത് വിദ്യാർഥികൾക്ക് ഐ.എ.എസ് ഉൾപ്പെടെയുള്ള ഉന്നത പഠനത്തിന് എൻട്രൻസ് കോച്ചിങ് സഹായം; കെട്ടിക്കിടക്കുന്ന ചികിത്സാ സഹായ അപേക്ഷകളിൽ അടിയന്തര നടപടി

Oct 17, 2026 - 17:13
0
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് സമഗ്ര വികസന പദ്ധതികൾ നടപ്പാക്കും: മന്ത്രി കെ.എ. തുളസി

കാസർകോട്: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി സമഗ്ര വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി പ്രൊഫ. കെ.എ. തുളസി. ദളിത് വിദ്യാർഥികൾക്ക് ഐ.എ.എസ് ഉൾപ്പെടെയുള്ള ഉന്നത പഠനത്തിനും പ്രവേശന പരീക്ഷകൾക്കുള്ള പരിശീലനത്തിനും ആവശ്യമായ സഹായം സർക്കാർ പൂർണ ഉത്തരവാദിത്വത്തോടെ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കാസർകോട് ജില്ലയിലെത്തിയ മന്ത്രിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ സ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കും. ഉന്നത വിദ്യാഭ്യാസത്തിലേക്കും സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളിലേക്കും കടന്നുവരാൻ വിദ്യാർഥികൾക്ക് ആവശ്യമായ പിന്തുണ നൽകും. സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥ മറികടക്കാൻ സഹായിക്കുന്ന ഇടപെടലുകൾക്ക് സർക്കാർ മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലം മുതൽ മന്ത്രിമാരുടെ ഓഫീസുകളിൽ നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ ചികിത്സാ സഹായത്തിനുള്ള അപേക്ഷകൾ ഉൾപ്പെടെ തീർപ്പാകാതെ കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം അപേക്ഷകൾ മുഴുവൻ പരിശോധിച്ച് അർഹരായവർക്ക് സഹായം ലഭ്യമാക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും കെ.എ. തുളസി അറിയിച്ചു.

ഡിസിസി ഓഫീസിൽ നടന്ന സ്വീകരണ യോഗത്തിൽ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസിയുടെ സ്നേഹോപഹാരം അദ്ദേഹം മന്ത്രിക്ക് സമ്മാനിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു.

സോമശേഖര ഷേണി, കെ. ഖാലിദ്, ഡോ. കെ.വി. ശശിധരൻ, രാജൻ പെരിയ, കെ. ലക്ഷ്മണപ്രഭു, എം. രാജീവൻ നമ്പ്യാർ, പി. രാമചന്ദ്രൻ, മിനി ചന്ദ്രൻ, കെ.കെ. ബാബു, വി. ഗോപി എന്നിവർ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User