LPG സിലിണ്ടർ ബുക്കിങ്ങിൽ ഇളവ്; ഇനി 25 ദിവസത്തിലൊരിക്കൽ റീഫിൽ ബുക്ക് ചെയ്യാം
ഗാർഹിക എൽപിജി സിലിണ്ടർ ബുക്കിങ്ങിലെ നിയന്ത്രണത്തിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി. ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസത്തിലൊരിക്കൽ LPG റീഫിൽ ബുക്ക് ചെയ്യാം.
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗാർഹിക എൽപിജി സിലിണ്ടർ ബുക്കിങ്ങിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി. ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ പുതിയ സിലിണ്ടർ ബുക്ക് ചെയ്യാം.
നേരത്തെ നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു റീഫിൽ ബുക്കിങ്ങിനുള്ള ഇടവേള. എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്തതിനെ തുടർന്നാണ് നിയന്ത്രണത്തിൽ ഇളവ് നൽകിയത്.
തിങ്കളാഴ്ച മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഇതുസംബന്ധിച്ച് നിർദേശം നൽകി.
കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ആഗോള ഊർജവിപണിയിൽ ഉണ്ടായ പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തിലാണ് മാർച്ച് 12 മുതൽ ഇന്ത്യയിൽ ഗാർഹിക എൽപിജി ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഉപഭോക്താക്കൾ ആവശ്യത്തിലധികം സിലിണ്ടറുകൾ ബുക്ക് ചെയ്ത് സംഭരിക്കുന്നത് തടയുകയും രാജ്യത്ത് ലഭ്യമായ എൽപിജി വിതരണം തുല്യമായി ഉറപ്പാക്കുകയുമായിരുന്നു നിയന്ത്രണത്തിന്റെ ലക്ഷ്യം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)