ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പ് വിജയികൾക്ക് സ്വർണ മോതിരം; ആരാധകർക്കും സ്വന്തമാക്കാം ഈ അപൂർവ ബഹുമതി
FIFA’s Surprise for Fans: Commemorative Championship Rings to be Available After World Cup 2026
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 ആവേശകരമായ ഫൈനലിലേക്ക് അടുക്കവെ, ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കാൻ ഫിഫ ഒരുങ്ങുന്നു. കപ്പിനും മെഡലിനും പുറമെ ലോകകപ്പ് വിജയികൾക്ക് സ്വർണ മോതിരം സമ്മാനമായി നൽകുമെന്ന് ഫിഫ പ്രഖ്യാപിച്ചു. അമേരിക്കൻ കായിക പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പുതിയ സമ്മാനരീതി ഫിഫ ലോകകപ്പിലേക്ക് എത്തുന്നത്.
എന്താണ് ചാമ്പ്യൻസ് മോതിരം?
അമേരിക്കൻ ഫുട്ബോൾ സ്പോർട്സ് ലീഗുകളിൽ വിജയികൾക്ക് മോതിരം കൈമാറുന്ന രീതിയാണ് ഫിഫ ലോകകപ്പിലും അവതരിപ്പിക്കുന്നത്. ഈ പ്രത്യേക സമ്മാനത്തിന്‍റെ സവിശേഷതകൾ ഇവയാണ്:
മോതിരത്തിൻ്റെ ഒരു വശത്ത് ഫിഫ ലോകകപ്പ് ട്രോഫിയുടെ ചിത്രവും മറുഭാഗത്ത് വിജയിക്കുന്ന രാജ്യത്തിന്‍റെ ഔദ്യോഗിക ചിഹ്നവും ആലേഖനം ചെയ്യും.
കസ്റ്റമൈസ് ചെയ്ത മോതിരങ്ങളിൽ ഓരോ കളിക്കാരുടെയും ജേഴ്സി നമ്പറുകൾ ഉൾപ്പെടുത്തും. താരങ്ങളുടെ വിരലിന്റെ അളവ് അനുസരിച്ചാണ് ഇവ നിർമിക്കുക. മത്സരശേഷം നടക്കുന്ന സമ്മാനദാന ചടങ്ങിൽ താൽക്കാലിക മോതിരങ്ങൾ കൈമാറുമെങ്കിലും, പിന്നീട് പ്രത്യേക ചടങ്ങിലൂടെയായിരിക്കും ഔദ്യോഗിക മോതിരങ്ങൾ താരങ്ങൾക്ക് നൽകുക.
ആരാധകർക്കും സ്വന്തമാക്കാം
ലോകകപ്പ് വർഷത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ആകെ 2026 മോതിരങ്ങളാണ് ഫിഫ നിർമിക്കുന്നത്. ഇതിൽ 30 എണ്ണം വിജയികളായ ടീമംഗങ്ങൾക്കായി മാറ്റിവെക്കുമ്പോൾ, ബാക്കി 1996 മോതിരങ്ങൾ ആരാധകർക്കായി വിപണിയിലെത്തും. ആരാധകർക്കുള്ള മോതിരങ്ങൾ ഫിഫയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി ലഭ്യമാകും. എന്നാൽ, ഇവയുടെ വില സംബന്ധിച്ച വിവരങ്ങൾ ഫിഫ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫൈനൽ മത്സരത്തിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഫിഫയുടെ ഈ സർപ്രൈസ് പ്രഖ്യാപനം വന്നിരിക്കുന്നത്. ഫുട്ബോൾ ലോകം ഏറെ ആവേശത്തോടെയാണ് ഈ പുതിയ തീരുമാനത്തെ നോക്കിക്കാണുന്നത്.