മൈതാനത്ത് കുഴഞ്ഞുവീണ പോർച്ചുഗൽ ക്ലബ് താരത്തിന് ദാരുണാന്ത്യം

Aug 23, 2026 - 16:03
0
മൈതാനത്ത് കുഴഞ്ഞുവീണ പോർച്ചുഗൽ ക്ലബ് താരത്തിന് ദാരുണാന്ത്യം
കെവിൻ കാസ്ട്രോ

മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ പോർച്ചുഗീസ് ഫുട്ബാൾ താരം കെവിൻ കാസ്ട്രോ (25) അന്തരിച്ചു. മുൻ വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ മിഡ്ഫീൽഡറായ കെവിൻ, ശനിയാഴ്ച പോർച്ചുഗലിൽ നടന്ന പ്രീ-സീസൺ സൗഹൃദ മത്സരത്തിനിടെയാണ് കുഴഞ്ഞുവീണത്. മൂന്നാം ഡിവിഷൻ ക്ലബ്ബായ റയൽ സ്പോർട് ക്ലബിനായി കളിക്കാനിറങ്ങിയതായിരുന്നു താരം. ടോപ് ഡിവിഷൻ ടീമായ എസ്ട്രെല ഡ അമദോറയ്‌ക്കെതിരായ മത്സരത്തിന്റെ തുടക്കത്തിലായിരുന്നു ദാരുണ സംഭവം.

കുഴഞ്ഞുവീണ കെവിന് ഉടൻ തന്നെ ഗ്രൗണ്ടിൽ വച്ച് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. മെഡിക്കൽ സംഘം ഡിഫിബ്രിലേറ്റർ ഉപയോഗിച്ച് ജീവൻ വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ലിസ്ബൺ ഫുട്ബോൾ അസോസിയേഷൻ താരത്തിന്റെ വിയോഗം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. മരണകാരണം എന്താണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

പോർച്ചുഗലിൽ ജനിച്ച ക്വെവിൻ ചെറുപ്പകാലത്ത് ഇംഗ്ലണ്ടിലെ നോർഫോക്കിലാണ് വളർന്നത്. സ്പോർട്ടിങ് അക്കാദമിയിലൂടെയാണ് ഫുട്ബോൾ കരിയറിന് തുടക്കമിട്ടത്. 2021-ൽ ഇംഗ്ലീഷ് ക്ലബ്ബ് വെസ്റ്റ് ബ്രോംവിച്ച് ആൽബിയോണിലെത്തി. ആഴ്‌സനലിനെതിരായ കാരബാവോ കപ്പ് മത്സരത്തിലൂടെയാണ് വെസ്റ്റ് ബ്രോമിനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നോട്ട്സ് കൗണ്ടി, ബെർട്ടൺ ആൽബിയോൺ, ഗേറ്റ്‌സ്ഹെഡ് തുടങ്ങിയ ക്ലബ്ബുകളിൽ ലോണിലും കളിച്ചു.

2023-ൽ വെസ്റ്റ് ബ്രോം വിട്ടശേഷം യോർക്ക് സിറ്റി, ചിപ്പൻഹാം ടൗൺ, ഈസ്റ്റ്ബേൺ ബറോ എന്നീ ഇംഗ്ലീഷ് ക്ലബ്ബുകൾക്കായും ബൂട്ടണിഞ്ഞു. ഈ വേനൽക്കാലത്താണ് ജന്മദേശമായ പോർച്ചുഗ്ലിലേക്ക് മടങ്ങിയെത്തി റയൽ സ്പോർട് ക്ലബിൽ ചേർന്നത്.

കെവിന്റെ അകാല വിയോഗത്തിൽ ഫുട്ബോൾ ലോകം ഒന്നാകെ ഞെട്ടലിലാണ്. അടുത്ത ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ബേൺലിക്കെതിരെ കെവിന് ആദരമർപ്പിക്കുമെന്ന് വെസ്റ്റ് ബ്രോം അറിയിച്ചു. മത്സരത്തിന്റെ 25-ാം മിനിറ്റിൽ ആരാധകർ കൈയടിച്ചും, താരങ്ങൾ കറുത്ത ബാഡ്ജ് ധരിച്ചും ആദരവ് നൽകും. റയൽ സ്പോർട് ക്ലബ്ബും എസ്ട്രെല അമദോറയും യോർക്ക് സിറ്റിയും പ്ലെയറുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

ചെറുപ്പക്കാരായ കായികതാരങ്ങളിൽ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതത്തിന് പ്രധാന കാരണം ഹൃദയപേശികൾ അമിതമായി കട്ടികൂടുന്ന അവസ്ഥയാണ്. മുൻകൂട്ടി ലക്ഷണങ്ങൾ കാണാറില്ലെങ്കിലും ശ്വാസംമുട്ടൽ, നെഞ്ചുവേദന, തലകറക്കം എന്നിവ സൂചനകളാകാം. കളിക്കാർക്ക് പതിവായി ഹൃദയപരിശോധനകൾ നടത്തുന്നത് അപകടസാധ്യത കുറയ്ക്കും. ജീവൻ രക്ഷിക്കാൻ ആദ്യ മിനിറ്റുകളിൽ കൃത്രിമ ശ്വാസോച്ഛ്വാസവും പ്രഥമശുശ്രൂഷയും ഹൃദയമിടിപ്പ് വീണ്ടെടുക്കാനുള്ള അടിയന്തര ഉപകരണങ്ങളുടെ ഉപയോഗവും നിർണായകമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User