സിന്തറ്റിക് ലഹരിക്ക് പകരം കൃഷിയുടെ ലഹരി; 500 വിദ്യാലയങ്ങളിൽ കതിര് കാർഷിക ക്ലബ്ബ്

500 വിദ്യാലയങ്ങളിൽ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും; സിന്തറ്റിക് ലഹരിയിൽനിന്ന് കുട്ടികളെ അകറ്റി കൃഷിയിലേക്ക് ആകർഷിക്കാൻ കൃഷി-വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പദ്ധതി

Oct 22, 2026 - 07:59
0
സിന്തറ്റിക് ലഹരിക്ക് പകരം കൃഷിയുടെ ലഹരി; 500 വിദ്യാലയങ്ങളിൽ കതിര് കാർഷിക ക്ലബ്ബ്

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ കാർഷിക അവബോധവും പ്രകൃതിസ്നേഹവും വളർത്തി കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി സംസ്ഥാനത്ത് 'കതിര് കാർഷിക ക്ലബ്ബ്' പദ്ധതി നടപ്പിലാക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കൃഷി വകുപ്പാണ് നൂതന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിലാണ് ക്ലബ്ബുകൾ രൂപീകരിക്കുക.

സിന്തറ്റിക് ലഹരിയുടെ അപകടങ്ങളിൽനിന്ന് വിദ്യാർത്ഥികളെ അകറ്റിനിർത്തുന്നതിനൊപ്പം കൃഷിയോടുള്ള താൽപര്യം വളർത്തുകയും മാനസിക ഉന്മേഷം വർധിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സിന്തറ്റിക് ലഹരിയല്ല യഥാർഥ ലഹരി, കൃഷിയാണ് ലഹരി എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഓരോ കാർഷിക ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു അധ്യാപകനെയും ഒരു വിദ്യാർത്ഥിയെയും നോഡൽ ഓഫീസർമാരായി ചുമതലപ്പെടുത്തും. വിദ്യാലയങ്ങളിൽ കാർഷിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിയോട് ആഭിമുഖ്യമുള്ള പുതിയ തലമുറയെ വളർത്തിയെടുക്കുന്നതിനും ക്ലബ്ബുകൾ സഹായകമാകും.

പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തെരഞ്ഞെടുത്ത 84 മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലന പരിപാടി ഒക്ടോബർ 22, 23 തീയതികളിൽ തിരുവനന്തപുരം ആനയറയിലെ സമേതിയിൽ നടക്കും.

പരിശീലനം പൂർത്തിയാക്കുന്ന മാസ്റ്റർ ട്രെയിനർമാർ അതത് ജില്ലകളിലെത്തി നോഡൽ അധ്യാപകർ, കൃഷി-വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർക്കായി കതിര് കാർഷിക ക്ലബ്ബുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ സംഘടിപ്പിക്കും.

കാർഷിക താൽപര്യമുള്ള തലമുറയെ വാർത്തെടുക്കുന്നതിനും വിദ്യാർത്ഥികളുടെ മാനസികോല്ലാസം വർധിപ്പിക്കുന്നതിനും സിന്തറ്റിക് ലഹരിയുടെ പിടിയിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് പൊതുസമൂഹത്തിന്റെ പിന്തുണയും അഭ്യർഥിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User