ആക്രമണം കൂടുന്നു; ഡാൻസാഫ് ഉദ്യോഗസ്ഥർക്ക് ഇനി പിസ്റ്റൾ പരിശീലനം, ഉത്തരവിറക്കി എഡിജിപി
ലഹരിമാഫിയ സംഘങ്ങളുടെ ആക്രമണം പ്രതിരോധിക്കാൻ നടപടി; എല്ലാ ഡാൻസാഫ് അംഗങ്ങൾക്കും അടിയന്തര പരിശീലനം നൽകും
തിരുവനന്തപുരം: ലഹരിവേട്ടയ്ക്കെത്തുന്ന ഡാൻസാഫ് (DANSAF) ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാൻ കേരള പൊലീസ്. ഡാൻസാഫ് സംഘത്തിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും പിസ്റ്റൾ ഉപയോഗത്തിൽ പ്രത്യേക പരിശീലനം നൽകാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ ഉത്തരവിറക്കി.
ഇതുസംബന്ധിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ലഹരിവിരുദ്ധ പരിശോധനകൾക്കിടെ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ പിസ്റ്റൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും സ്വയംരക്ഷ ഉറപ്പാക്കുന്നതിനുമാണ് പരിശീലനം.
പിസ്റ്റൾ വേഗത്തിൽ അഴിച്ചുമാറ്റൽ (സ്ട്രിപ്പിങ്), വീണ്ടും കൂട്ടിച്ചേർക്കൽ (അസംബ്ലിങ്), വെടിവെപ്പ് (ഫയറിങ്) എന്നിവയിലാണ് പ്രത്യേക പരിശീലനം നൽകുക. എല്ലാ ഡാൻസാഫ് ഉദ്യോഗസ്ഥർക്കും പരിശീലനം അടിയന്തരമായി ഉറപ്പാക്കണമെന്നാണ് നിർദേശം.
പരിശീലന പരിപാടികൾ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സോൺ ഐജിമാർക്കും റേഞ്ച് ഡിഐജിമാർക്കും ചുമതല നൽകിയിട്ടുണ്ട്. പരിശീലനത്തിന്റെ പുരോഗതി നിരീക്ഷിക്കാനും എഡിജിപി നിർദേശം നൽകിയിട്ടുണ്ട്.
ലഹരിമാഫിയക്കെതിരായ പരിശോധനകളും നടപടികളും ശക്തമാകുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ ആക്രമണങ്ങൾ വർധിക്കുന്നത് ഗൗരവമായാണ് പൊലീസ് കാണുന്നത്. ഈ സാഹചര്യത്തിൽ ലഹരിവിരുദ്ധ ദൗത്യത്തിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ കൂടുതൽ സുരക്ഷിതരും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജരുമാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)