ധനരാജ് വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്
പത്തുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിധി; 2016ലെ ധനരാജ് വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്.
പയ്യന്നൂർ: സി.പി.എം. പ്രവർത്തകനും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന പയ്യന്നൂർ രാമന്തളി കുന്നരു കാരന്താട്ടെ സി.വി. ധനരാജിനെ (41) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരെയാണ് കോടതി നേരത്തെ കുറ്റക്കാരായി കണ്ടെത്തിയത്. 2016 ജൂലൈ 11നായിരുന്നു ധനരാജ് കൊല്ലപ്പെട്ടത്.
2016 ജൂലൈ 11ന് രാത്രി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ പിന്തുടർന്നെത്തിയ സംഘം വീടിന് സമീപംവെച്ച് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പിൻഭാഗത്തുവെച്ച് വെട്ടിവീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും മുന്നിലായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ധനരാജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.
കേസിൽ ആകെ 20 പേരെയാണ് പ്രതിചേർത്തിരുന്നത്. ഇതിൽ ഒരാൾ വിചാരണയ്ക്കിടെ കൊല്ലപ്പെട്ടു. ശേഷിച്ചവരിൽ 16 പേരെ മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടിരുന്നു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും പ്രോസിക്യൂഷന് തെളിയിക്കാനായിരുന്നില്ല. അന്വേഷണത്തിലെ വീഴ്ചകളും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പത്ത് വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ നിർണായക വിധിയുണ്ടായിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)