കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ 10.64 കോടിയുടെ നേട്ടം; ശബരിമല സീസൺ ഒഴികെയുള്ള ദിവസങ്ങളിലെ രണ്ടാമത്തെ ഉയർന്ന വരുമാനം
പ്രിയദർശിനി സർവീസുകൾ ഒഴികെയുള്ള സർവീസുകളിൽനിന്ന് മാത്രം 7.33 കോടി രൂപ; ഒരു ദിവസം യാത്ര ചെയ്തത് 30.61 ലക്ഷം പേർ
തിരുവനന്തപുരം : ശബരിമല സീസൺ ഒഴികെയുള്ള ദിവസങ്ങളിലെ ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് രണ്ടാമത്തെ വലിയ നേട്ടം. ഒക്ടോബർ 22 വ്യാഴാഴ്ച 10.64 കോടി രൂപയാണ് ടിക്കറ്റ് വിൽപ്പനയിലൂടെ കോർപറേഷൻ നേടിയത്. പ്രിയദർശിനി സർവീസുകളുടെ വരുമാനം ഒഴിവാക്കിയാലും മറ്റ് സർവീസുകളിൽനിന്ന് മാത്രം 7.33 കോടി രൂപ ലഭിച്ചു.
ഉത്സവ സീസണിലെ യാത്രക്കാരുടെ തിരക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്തിയതും വെറ്റ് ലീസ് ബസുകൾ ഉൾപ്പെടെ ഉപയോഗിച്ച് അന്തർസംസ്ഥാന സർവീസുകൾ പരമാവധി നടത്തിയതുമാണ് വരുമാന വർധനയ്ക്ക് സഹായകമായത്. പ്രിയദർശിനി സർവീസുകൾ ഒഴികെയുള്ള സർവീസുകളിൽനിന്നുള്ള ശരാശരി വരുമാനം 5.77 കോടി രൂപയായിരുന്നത് 7.33 കോടി രൂപയായി ഉയർന്നു.
കഴിഞ്ഞ വർഷം ഇതേ പൂജാ അവധിക്കാലത്തിന് ശേഷമുള്ള സമാന ദിവസത്തിൽ ആകെ ടിക്കറ്റ് വരുമാനം 9.41 കോടി രൂപയായിരുന്നു. ഇത്തവണ 1.23 കോടി രൂപയിലധികം വർധനയാണ് രേഖപ്പെടുത്തിയത്.
വരുമാനത്തിനൊപ്പം സർവീസുകളുടെ കാര്യക്ഷമതയിലും വർധനയുണ്ടായി. വ്യാഴാഴ്ച 4,612 ബസുകൾ ഉപയോഗിച്ച് 16.02 ലക്ഷം കിലോമീറ്റർ സർവീസ് നടത്തി. ഒരു കിലോമീറ്ററിലെ ശരാശരി വരുമാനം കഴിഞ്ഞ വർഷത്തെ 58.80 രൂപയിൽനിന്ന് 66.44 രൂപയായി ഉയർന്നു. ഒരു ബസിൽനിന്നുള്ള ശരാശരി വരുമാനം 20,094 രൂപയിൽനിന്ന് 23,215 രൂപയായും വർധിച്ചു.
ഒറ്റ ദിവസം കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്തത് 30.61 ലക്ഷം പേരാണ്. യാത്രക്കാരുടെ ആവശ്യകതയ്ക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുകയും ലഭ്യമായ ബസുകൾ കാര്യക്ഷമമായി വിനിയോഗിച്ച് വരുമാനം ഉയർത്തുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് കോർപറേഷൻ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)