ഹോൺ അടിച്ചതിന് തർക്കം; യുവാവിന്റെ ശരീരത്തിലൂടെ ഔഡി കാറോടിച്ച് കൊലപാതകം
അലിഗഢിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടു; ബിജെപി മുൻ ജില്ലാ പ്രസിഡന്റിന്റെ അനന്തരവൻ അറസ്റ്റിൽ
ലഖ്‌നൗ: ഹോൺ അടിച്ചതിനെയും വഴി നൽകുന്നതിനെയും ചൊല്ലിയുണ്ടായ തർക്കത്തിനിടെ ബൈക്ക് യാത്രക്കാരനെ ഔഡി കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് ചൗധരി ദേവരാജ് സിങ്ങിന്റെ അനന്തരവൻ വിക്രാന്ത് അറസ്റ്റിൽ. ഉത്തർപ്രദേശിലെ അലിഗഢിൽ ഒക്ടോബർ 20-ന് രാത്രി 11 മണിയോടെയാണ് സംഭവം. മനോജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ബന്നാദേവി പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മനോജും സുഹൃത്ത് കനയ്യയും ഔഡി കാറിലുണ്ടായിരുന്നവരുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കാർ ബൈക്കിന്റെ പിന്നിൽ ഇടിപ്പിക്കുകയും റോഡിലേക്ക് തെറിച്ചുവീണ മനോജിന്റെ ശരീരത്തിലൂടെ കയറ്റിയിറക്കുകയും ചെയ്തെന്നാണ് പരാതി. അപകടത്തിൽ കനയ്യയ്ക്കും പരിക്കേറ്റു.
അപകടത്തിൽപ്പെട്ട ഔഡി കാർ ചൗധരി ദേവരാജ് സിങ്ങിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് മനോജിന്റെ കുടുംബം ആരോപിച്ചത്. കാർ മനഃപൂർവം ബൈക്കിൽ ഇടിപ്പിച്ചതാണെന്നും യുവാവിന്റെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയെന്നും കനയ്യ മൊഴി നൽകിയതായി അലിഗഢ് എസ്പി സിറ്റി ആദിത്യ ബൻസാൽ വ്യക്തമാക്കി.
സംഭവത്തിൽ കാർ കസ്റ്റഡിയിലെടുത്ത പൊലീസ് ഫോറൻസിക്, സാങ്കേതിക പരിശോധനകൾ നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട് വിക്രാന്തിനെ അറസ്റ്റ് ചെയ്തതായും ഇയാളെ കോടതിയിൽ ഹാജരാക്കിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)