മഹാരാഷ്ട്ര തെരുവുകളിൽ വിദ്യാർഥി പ്രക്ഷോഭം ശക്തം; പിന്തുണയുമായി രാഹുൽ ഗാന്ധി
പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും; എംപിഎസ്‌സി ചെയർമാന്റെയും സെക്രട്ടറിയുടെയും രാജിയടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് വിദ്യാർഥികൾ
പുനെ: തുടർച്ചയായ പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ആരോപിച്ച് മഹാരാഷ്ട്രയിലെ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (എംപിഎസ്‌സി) ചെയർമാന്റെയും സെക്രട്ടറിയുടെയും രാജിയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയത്. ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്.
മാർച്ചിൽ നടക്കാനിരുന്ന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇൻസ്പെക്ടർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. പിന്നാലെ ടി.ഇ.ടി പരീക്ഷയിലും സമാനമായ ക്രമക്കേടുകൾ ആരോപിക്കപ്പെട്ടു. സംഭവത്തിൽ അന്തർസംസ്ഥാന സംഘത്തെ അന്വേഷണ സംഘം പിടികൂടുകയും ചെയ്തിരുന്നു.
ബോംബെ ഹൈക്കോടതി ക്ലർക്ക് പരീക്ഷയിലും വ്യാപക സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതോടെ വിദ്യാർഥികളുടെ പ്രതിഷേധം കൂടുതൽ ശക്തമായി. തുടർച്ചയായ സംഭവങ്ങൾ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
പ്രതിഷേധത്തിന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചു. പുനെയിലെ സമരം ഒരു പരീക്ഷയുടെയോ നിയമനത്തിന്റെയോ മാത്രം പ്രശ്‌നമല്ലെന്നും മുഴുവൻ സംവിധാനത്തിലുമുള്ള വിശ്വാസം തകർന്നതിന്റെ പ്രതിഫലനമാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ, എൻ.സി.പി നേതാവ് സുപ്രിയ സുലേ, ഉദ്ധവ് താക്കറെ വിഭാഗം നേതാവ് ആദിത്യ താക്കറെ, മറാത്ത നേതാവ് മനോജ് ജാരംഗെ പാട്ടീൽ തുടങ്ങിയവരും വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധം ശക്തമായതോടെ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ ഏഴംഗ ഉന്നതതല സമിതിയെ പ്രഖ്യാപിച്ചു. എന്നാൽ ഇതുകൊണ്ട് സമരം അവസാനിപ്പിക്കാൻ വിദ്യാർഥികൾ തയ്യാറായിട്ടില്ല.
ചോദ്യപേപ്പർ ചോർച്ചകളിൽ സമഗ്ര അന്വേഷണം നടത്തുക, എംപിഎസ്‌സി ചെയർമാന്റെയും സെക്രട്ടറിയുടെയും രാജി ആവശ്യപ്പെടുക, പരീക്ഷാ നടത്തിപ്പിൽ സ്വകാര്യ സ്ഥാപനങ്ങളുടെ ഇടപെടൽ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും വിദ്യാർഥികൾ മുന്നോട്ടുവയ്ക്കുന്നത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർഥികൾ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)