എസ്.ഐ.ആർ പൂർണമായി റദ്ദാക്കണം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജിവെക്കണം: മുസ്ലിംലീഗ്
13 കോടിയിലേറെ വോട്ടുകൾ വെട്ടിമാറ്റിയതായി കണ്ടെത്തിയെന്ന് യോഗം; ജനാധിപത്യ ഇന്ത്യയെ രക്ഷിക്കാനുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം
തീവ്ര വോട്ടർ പട്ടിക പരിഷ്കരണമായ എസ്.ഐ.ആർ (SIR) പൂർണമായും റദ്ദാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജിവെക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. എസ്.ഐ.ആറിന്റെ പേരിൽ 13 കോടിയിലേറെ വോട്ടുകൾ വെട്ടിമാറ്റിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് യോഗത്തിന്റെ ആവശ്യം.
പൗരന്റെ മൗലികാവകാശമായ വോട്ടവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യോഗം വ്യക്തമാക്കി. എസ്.ഐ.ആറിനെതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് നീതിയല്ലെന്നും പ്രതിഷേധക്കാരെ ഒരു ജന്തർ മന്തറിൽനിന്ന് ആട്ടിയോടിച്ചാൽ രാജ്യത്ത് ആയിരം ജന്തർ മന്തറുകൾ ഉയരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
എസ്.ഐ.ആർ നടപടികൾ റദ്ദാക്കി അർഹരായ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം. സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കഴിയുന്ന രീതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനിലെ നിയമനങ്ങൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടാൽ അത് പിന്നീട് വീണ്ടെടുക്കുക പ്രയാസകരമായിരിക്കുമെന്നും വിലയിരുത്തി.
ഡൽഹി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം
ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പങ്കുചേരുന്ന മുഴുവൻ ജനാധിപത്യവിശ്വാസികൾക്കും യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനത്ത് സമരങ്ങൾക്ക് നേതൃത്വം നൽകിയ മുസ്ലിംലീഗ് എം.പിമാരെയും യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകരെയും അഭിനന്ദിച്ചു.
ഡൽഹിയിലെ പ്രക്ഷോഭത്തിന് പിന്തുണയുമായി സംസ്ഥാനത്തെ മണ്ഡലം തലങ്ങളിൽ മുസ്ലിംലീഗ് ആഹ്വാനം ചെയ്ത പ്രതിഷേധ ജ്വാല വൻ വിജയമായിരുന്നുവെന്ന് യോഗം വിലയിരുത്തി. കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജന്തർ മന്തർ സമരത്തെയും യോഗം അഭിനന്ദിച്ചു.
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറിയും കേരള വ്യവസായ, ഐ.ടി, എ.ഐ വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷാഫി ചാലിയം നന്ദി പറഞ്ഞു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീർ, സി.ടി. അഹമ്മദലി തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
പരാജയപ്പെട്ട മണ്ഡലങ്ങളിലെ റിപ്പോർട്ടുകൾ പരിശോധിക്കും
നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് പരാജയപ്പെട്ട മണ്ഡലങ്ങളിലെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)