കൂറുമാറ്റക്കാർക്ക് പുതിയ പാർട്ടി; അരുണാചൽ ജനതാ പാർട്ടിയുടെ രൂപീകരണത്തിൽ അമിത് ഷായെ കടന്നാക്രമിച്ച് കോൺഗ്രസ്

‘സ്വയം പ്രഖ്യാപിത ചാണക്യന്റെ മറ്റൊരു നീക്കം’; തൃണമൂൽ വിട്ടെത്തുന്നവരെ പാർപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രമെന്ന് ജയറാം രമേശ്

Nov 04, 2026 - 06:52
0
കൂറുമാറ്റക്കാർക്ക് പുതിയ പാർട്ടി; അരുണാചൽ ജനതാ പാർട്ടിയുടെ രൂപീകരണത്തിൽ അമിത് ഷായെ കടന്നാക്രമിച്ച് കോൺഗ്രസ്

ന്യൂഡൽഹി: അരുണാചൽ ജനതാ പാർട്ടി (എജെപി) രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് കോൺഗ്രസ്. പുതിയ രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണത്തിന് പിന്നിൽ അമിത് ഷായുടെ ഇടപെടലുണ്ടെന്ന് ആരോപിച്ച കോൺഗ്രസ് നേതാവ് ജയറാം രമേശ്, കൂറുമാറിയെത്തുന്ന നേതാക്കളെ പാർപ്പിക്കാനുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് പരിഹസിച്ചു.

‘സ്വയം പ്രഖ്യാപിത ചാണക്യൻ’ എന്ന വിശേഷണത്തോടെയാണ് ജയറാം രമേശ് അമിത് ഷായെ വിമർശിച്ചത്. തൃണമൂൽ കോൺഗ്രസ് വിട്ടെത്തിയ നേതാക്കളെ ഉൾക്കൊള്ളുന്നതിനായി നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയെ (എൻസിപിഐ) പുനരുജ്ജീവിപ്പിച്ചതിന് സമാനമായ നീക്കമാണ് പുതിയ പാർട്ടിയുടെ രൂപീകരണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

അരുണാചൽ ജനതാ പാർട്ടിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പൊതുജന അറിയിപ്പ് എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. 2026 ഒക്ടോബർ 16ന് രൂപീകരിച്ച പാർട്ടിക്ക് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലാണ് ആസ്ഥാനം. ജനപ്രാതിനിധ്യ നിയമം 1951ലെ 29എ വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്ട്രേഷനായി അപേക്ഷിക്കാനാണ് പാർട്ടി നീക്കം നടത്തുന്നത്.

പാർട്ടിയുടെ രജിസ്ട്രേഷൻ സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് ഡിസംബർ മൂന്നുവരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ രേഖാമൂലം പരാതി നൽകാമെന്ന് പൊതുജന അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതും എന്നാൽ അംഗീകാരമില്ലാത്തതുമായ 734 രാഷ്ട്രീയ പാർട്ടികളുണ്ടെന്നും 2024-25 സാമ്പത്തിക വർഷത്തിൽ ഇവയുടെ വരുമാനം 1,100 കോടി രൂപയിലധികമായിരുന്നുവെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഇതിൽ പകുതിയോളം തുക ഗുജറാത്തിലെ 29 പാർട്ടികൾക്കാണ് ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ പാർട്ടിയുടെ 27 ലോക്‌സഭാ എംപിമാരിൽ 20 പേർ പാർട്ടി വിട്ട് എൻസിപിഐയിൽ ചേർന്നിരുന്നു. എൻസിപിഐ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അരുണാചൽ ജനതാ പാർട്ടിയുടെ രൂപീകരണത്തെയും അമിത് ഷായെയും ബന്ധപ്പെടുത്തി കോൺഗ്രസ് വിമർശനം ഉന്നയിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User