കെ.സി. വേണുഗോപാലിനെതിരെ സൈബർ ആക്രമണം; 80 വ്യാജ അക്കൗണ്ടുകൾക്കെതിരെ വീണ്ടും പരാതി
സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ദീപ്തി മേരി വർഗീസ് പൊലീസ് മേധാവിയെ സമീപിച്ചു; അക്കൗണ്ടുകൾ തമ്മിലുള്ള ബന്ധവും പ്രചാരണത്തിന്റെ ഉറവിടവും കണ്ടെത്തണമെന്ന് ആവശ്യം.
തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ സൈബർ പോര് രൂക്ഷമാകുന്നതിനിടെ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ വീണ്ടും പൊലീസ് പരാതി. 80 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
നേരത്തെ നൽകിയ പരാതിയിൽ കാര്യമായ നടപടിയുണ്ടാകാത്തതിനെ വിമർശിച്ച ദീപ്തി മേരി വർഗീസ്, സംഭവത്തിൽ സമഗ്രമായ സൈബർ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കെ.സി. വേണുഗോപാലിനെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ തമ്മിലുള്ള പരസ്പരബന്ധം പരിശോധിക്കണമെന്നും സൈബർ പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 80 അക്കൗണ്ടുകളുടെ വിവരങ്ങളും തെളിവായി കൈമാറിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ മെറ്റയോട് ആവശ്യപ്പെടണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തേ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോൺസൺ എബ്രഹാമും കെ.സിക്കെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയതോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷണം കാര്യമായ പുരോഗതിയിലെത്തിയില്ലെന്ന വിലയിരുത്തലിൽ ആണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും പൊലീസ് മേധാവിയെ സമീപിച്ചിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)