ആയുഷ്മാൻ ഭാരത്–കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാർഡ് പുതുക്കാനെന്ന പേരിൽ പണം തട്ടിപ്പ്; മുന്നറിയിപ്പുമായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

അക്ഷയ കേന്ദ്രങ്ങൾക്കും സി.എസ്.സി.കൾക്കും കാർഡ് പുതുക്കാൻ അനുമതിയില്ല; ചികിത്സയ്ക്കെത്തുന്ന അർഹരായ ഗുണഭോക്താക്കൾക്ക് സൗജന്യ സേവനം

Oct 23, 2026 - 11:01
0
ആയുഷ്മാൻ ഭാരത്–കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാർഡ് പുതുക്കാനെന്ന പേരിൽ പണം തട്ടിപ്പ്; മുന്നറിയിപ്പുമായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

തിരുവനന്തപുരം: ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന–കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (എ.ബി. പി.എം.-ജെ.എ.വൈ–കാസ്പ്) കാർഡുകൾ പുതുക്കി നൽകാമെന്നോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാമെന്നോ വാഗ്ദാനം ചെയ്ത് പണം ഈടാക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി. വ്യാജവാഗ്ദാനങ്ങളിൽ വിശ്വസിച്ച് പണം നൽകി ഗുണഭോക്താക്കൾ വഞ്ചിതരാകരുതെന്ന് ഏജൻസി അറിയിച്ചു.

അക്ഷയ കേന്ദ്രങ്ങൾ, പൊതുസേവന കേന്ദ്രങ്ങളായ സി.എസ്.സി.കൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നിലവിൽ പദ്ധതിയുടെ കാർഡുകൾ പുതുതായി നൽകുന്നതിനോ നിലവിലുള്ള കാർഡുകൾ പുതുക്കുന്നതിനോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനോ സർക്കാർ അനുമതി നൽകിയിട്ടില്ല. അതിനാൽ ഇത്തരം സേവനങ്ങൾ ലഭ്യമാക്കാമെന്ന് അവകാശപ്പെട്ട് പണം ആവശ്യപ്പെടുന്ന അനധികൃത കേന്ദ്രങ്ങളെ ഗുണഭോക്താക്കൾ സമീപിക്കരുത്.

പദ്ധതിയിൽ അർഹരായവർക്ക് ചികിത്സയ്ക്കായി പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികളിലെത്തുമ്പോൾ നിലവിലുള്ള മാർഗനിർദേശങ്ങൾക്കും അർഹതയ്ക്കും അനുസരിച്ച് സൗജന്യമായി കാർഡ് ലഭ്യമാക്കുന്നതിനും നിലവിലുള്ള കാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും സൗകര്യമുണ്ട്. ഇതിനായി അനധികൃത ഏജൻസികൾക്ക് പണം നൽകേണ്ടതില്ലെന്നും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വ്യക്തമാക്കി.

പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദിശയുടെ സൗജന്യ ഹെൽപ്‌ലൈൻ നമ്പറായ 1056-ൽ ബന്ധപ്പെടാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User