അച്ചടക്ക മുന്നറിയിപ്പോടെ ശ്രീശാന്തിന് ഇളവ്; മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു

former cricketer Sreesanth's three-year ban by the Kerala Cricket Association has been officially lifted

Jul 01, 2026 - 15:00
0
അച്ചടക്ക മുന്നറിയിപ്പോടെ ശ്രീശാന്തിന് ഇളവ്; മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു
ശ്രീശാന്ത്

തിരുവനന്തപുരം: മുൻ രാജ്യാന്തര ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. അസോസിയേഷനെതിരെ ഉന്നയിച്ച പരാമർശങ്ങളിൽ താരം ഔദ്യോഗികമായി നിരുപാധികം ഖേദം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി. 2026 ജൂലൈ 1-ന് ചേർന്ന കെസിഎ സ്പെഷൽ ജനറൽ ബോഡി യോഗത്തിലാണ് ശ്രീശാന്തിന്റെ മാപ്പപേക്ഷ അംഗീകരിച്ച് വിലക്ക് നീക്കാൻ ഐകകണ്ഠ്യേന തീരുമാനിച്ചത്. എന്നാൽ, ഭാവിയിൽ ഇത്തരം അച്ചടക്കലംഘനങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും അസോസിയേഷൻ നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം മേയിലായിരുന്നു ശ്രീശാന്തിന് കെസിഎ വിലക്കേർപ്പെടുത്തിയത്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ശ്രീശാന്ത് കെസിഎയ്‌ക്കെതിരെ പരസ്യമായി രംഗത്തുവന്നതായിരുന്നു നടപടിക്ക് കാരണം. ഇതിനെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളപ്പെട്ടിരുന്നു. തുടർന്നാണ് താരം അസോസിയേഷന് മാപ്പപേക്ഷ നൽകിയത്. വിലക്ക് നീങ്ങിയതോടെ, വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (KCL) സീസൺ 3-ൽ 'ഏരീസ് കൊല്ലം സെയിലേഴ്സ്' ടീമിന്റെ സഹഉടമയായി ശ്രീശാന്തിന് തുടരാനാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User