വിദ്യാർത്ഥികൾക്ക് കൃഷിയിലേക്ക് ഒരു ചുവടുകൂടി; ‘കതിര്’ കാർഷിക ക്ലബ്ബിന് ലോഗോ ഡിസൈൻ മത്സരം
ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം; എൻട്രികൾ സെപ്റ്റംബർ 30നകം സമർപ്പിക്കണം
സംസ്ഥാനത്തെ വിദ്യാർത്ഥികളെ കൃഷിയുമായി കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ‘കതിര്’ കാർഷിക ക്ലബ് പദ്ധതി ആദ്യഘട്ടത്തിൽ 500 സ്‌കൂളുകളിൽ നടപ്പാക്കുന്നു. അടുത്ത അധ്യയന വർഷം പദ്ധതി സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു.

പദ്ധതിയുടെ ഔദ്യോഗിക ലോഗോ രൂപകൽപ്പന ചെയ്യുന്നതിനായി സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ നിന്ന് ലോഗോ ഡിസൈനുകൾ ക്ഷണിച്ചു. മണ്ണ്, കൃഷി, ഭക്ഷണം, പ്രകൃതി, കർഷകൻ എന്നിവ തമ്മിലുള്ള ബന്ധം കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാനും പ്രായോഗിക കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും അവസരമൊരുക്കുകയാണ് ‘കതിര്’ പദ്ധതിയുടെ ലക്ഷ്യം.

ഈ ആശയവും പദ്ധതിയുടെ ദർശനവും പ്രതിഫലിപ്പിക്കുന്ന ലോഗോ വിദ്യാർത്ഥികൾ തന്നെ രൂപകൽപ്പന ചെയ്യുന്നതിനാണ് മത്സരം സംഘടിപ്പിക്കുന്നത്.
ആർക്കൊക്കെ പങ്കെടുക്കാം?
ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ലോഗോ കൈകൊണ്ടോ ഡിജിറ്റൽ രീതിയിലോ തയ്യാറാക്കാം. കൈകൊണ്ട് തയ്യാറാക്കുന്ന ലോഗോ എ4 വലുപ്പത്തിലുള്ള ഷീറ്റിൽ തയ്യാറാക്കി സ്കാൻ ചെയ്ത് ഡിജിറ്റൽ രൂപത്തിൽ സമർപ്പിക്കണം.

മത്സര നിബന്ധനകൾ
ലോഗോ മൗലിക സൃഷ്ടിയായിരിക്കണം. പകർത്തിയതോ മറ്റൊരു സൃഷ്ടിയുടെ അനുകരണമോ ആയ എൻട്രികൾ പരിഗണിക്കില്ല.
‘കതിര്’ കാർഷിക ക്ലബ്ബിന്റെ ആശയവും ലക്ഷ്യവും ലോഗോയിൽ പ്രതിഫലിക്കണം.
ലോഗോയുടെ ആശയം വ്യക്തമാക്കുന്ന ഹ്രസ്വ വിവരണം ലോഗോയ്ക്കൊപ്പം നൽകണം.
ഒരു വിദ്യാർത്ഥിക്ക് ഒരു എൻട്രി മാത്രമേ സമർപ്പിക്കാനാകൂ.
വിദ്യാർത്ഥിയുടെ പേര്, ക്ലാസ്, സ്കൂൾ, ഫോൺ നമ്പർ എന്നിവ എൻട്രിയിൽ നിർബന്ധമായും രേഖപ്പെടുത്തണം.
സ്കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം നിർബന്ധമാണ്.
2026 സെപ്റ്റംബർ 30-നകം എൻട്രികൾ ലഭിച്ചിരിക്കണം.
വിദ്യാർത്ഥി പഠിക്കുന്ന ജില്ലയ്ക്ക് അനുസൃതമായ ജില്ലാ കൃഷി ഓഫീസിന്റെ ഇ-മെയിൽ വിലാസത്തിലേക്ക് മാത്രമേ ലോഗോ എൻട്രികൾ അയയ്ക്കാവൂ.
വിദ്യാർത്ഥികളുടെ സർഗാത്മകതയും കൃഷിയോടുള്ള താൽപര്യവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, പുതിയ തലമുറയെ കാർഷിക മേഖലയുമായി കൂടുതൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കതിര്’ കാർഷിക ക്ലബ് പദ്ധതി നടപ്പാക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)