ആലപ്പുഴ റസ്റ്റ് ഹൗസിൽ മന്ത്രിയുടെ മിന്നൽ പരിശോധന; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ
റിസപ്ഷനിൽ പോലും ജീവനക്കാരില്ല; ഭക്ഷണം കഴിക്കാൻ പോയെന്ന വിശദീകരണം തള്ളി മന്ത്രി പി.കെ. ബഷീർ
ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിൽ അപ്രതീക്ഷിത പരിശോധനയ്ക്കെത്തിയ മന്ത്രി പി.കെ. ബഷീറിന് കണ്ടെത്താനായത് ജീവനക്കാരുടെ ഗുരുതരമായ കൃത്യവിലോപം. ആലപ്പുഴ ബീച്ചിന് സമീപത്തെ റസ്റ്റ് ഹൗസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെയും സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് മന്ത്രി റസ്റ്റ് ഹൗസിലെത്തിയത്. എന്നാൽ റിസപ്ഷനിൽ ജീവനക്കാരെ ആരെയും കണ്ടെത്താനായില്ല. തുടർന്ന് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറോട് അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശിച്ചു.
പരിശോധനയിൽ അഞ്ച് ജീവനക്കാരിൽ രണ്ടുപേർ മാത്രമാണ് ഹാജർ രേഖപ്പെടുത്തിയിരുന്നതെന്ന് കണ്ടെത്തി. മാനേജർ വി.വി. വിപിനൻ, ശ്രീകല നന്ദനൻ, ബിനു സെബാസ്റ്റ്യൻ എന്നിവർ ഹാജർ രേഖപ്പെടുത്തിയിരുന്നില്ല. കെ. കമറും എം.ആർ. രാമാനുജനുമാണ് ഹാജർ രേഖപ്പെടുത്തിയത്.
ഉച്ചഭക്ഷണം കഴിക്കാൻ പോയതാണെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. കെ. കമറും ബിനു സെബാസ്റ്റ്യനും ഭക്ഷണം കഴിക്കാൻ പുറത്തുപോയപ്പോൾ ശ്രീകലയും രാമാനുജനും വിപിനനും റസ്റ്റ് ഹൗസിലെ മുറിയിൽ ഭക്ഷണം കഴിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. എന്നാൽ ഈ വിശദീകരണം അംഗീകരിക്കാൻ മന്ത്രി തയ്യാറായില്ല.
ഡ്യൂട്ടിയിലുള്ളവർ ഹാജർ രേഖപ്പെടുത്താതിരുന്നതും ഹാജർ രേഖപ്പെടുത്തിയവർ ജോലിസ്ഥലത്തില്ലാതിരുന്നതും കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
മാനേജർ വി.വി. വിപിനൻ, എസ്.എൽ.ആർ വർക്കർ കെ. കമർ, കുക്ക് എം.ആർ. രാമാനുജൻ, മേട്ടി ശ്രീകല നന്ദനൻ, ബട്‌ലർ ബിനു സെബാസ്റ്റ്യൻ എന്നിവർക്കാണ് സസ്പെൻഷൻ.
സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തവും സേവനസന്നദ്ധതയും ഉറപ്പാക്കാൻ ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ വ്യാപകമാക്കണമെന്ന അഭിപ്രായവും സംഭവത്തോടെ ഉയരുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)