ഗോളടി മാത്രമാണോ ഫുട്ബോൾ? റോഡ്രിയുടെ കളി കണ്ടാൽ തീരുമാനം മാറും!!!

Not Every Hero Scores: Why Rodri Is Football's Ultimate Game-Changer

Jul 22, 2026 - 16:48
Updated: 1 month ago
0
ഗോളടി മാത്രമാണോ ഫുട്ബോൾ? റോഡ്രിയുടെ കളി കണ്ടാൽ തീരുമാനം മാറും!!!

ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്നത് ഗോളുകളാണ്. എന്നാൽ, എല്ലാ വിജയങ്ങൾക്കും പിന്നിൽ ഗോൾ നേടുന്നവർ മാത്രമല്ല, ഗോളടിക്കാതെയും നിർണായക സ്വാധീനം ചെലുത്തുന്ന ചില താരങ്ങളുണ്ട്. അത്തരത്തിലൊരാളാണ് സ്‌പെയിനിന്റെ മധ്യനിര താരം റോഡ്രിഗോ ഹെർണാണ്ടസ് കാസ്കാന്തെ, ലോകം അറിയുന്ന പേര് റോഡ്രി. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ താളം നിയന്ത്രിക്കുന്ന ഈ ഡിഫൻസീവ് മിഡ്ഫീൽഡർ, സ്‌പാനിഷ് ദേശീയ ടീമിന്റെയും നിർണായക താരങ്ങളിലൊരാളാണ്. ഗോൾ നേടുന്നതുകൊണ്ടല്ല, മറിച്ച് ടീമിനെ മുഴുവൻ കളിപ്പിക്കുന്ന കഴിവുകൊണ്ടാണ് റോഡ്രി ലോക ഫുട്ബോളിൽ വേറിട്ടുനിൽക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം  സമാപിച്ച 2026 ലോകകപ്പിൽ ലയണൽ മെസ്സിയെ മറികടന്ന് ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കിയത് സ്പെയിൻ ക്യാപ്റ്റൻ കൂടിയായ റോഡ്രിയാണ്. ടൂർണമെന്റിലെ എട്ട് മത്സരങ്ങളിലും കളിച്ച ഈ മധ്യനിര താരം, ടീമിനെ തുടർച്ചയായ ഏഴ് വിജയങ്ങളിലേക്കും ലോകകപ്പ് കിരീടനേട്ടത്തിലേക്കും നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ലോകകപ്പിൽ ഗോൾഡൻ ബോൾ നേടുന്ന ആദ്യ സ്പാനിഷ് താരം കൂടിയായി മാറി റോഡ്രി.


ഒരു ഫുട്​ബോൾ മാച്ചിന്‍റെ ഹൈലൈറ്റ്സിൽ ഒരിക്കലും പൂർണമായി കാണാൻ കഴിയാത്ത കളിക്കാരനാണ് റോഡ്രി. ഒരു മത്സരം മുഴുവൻ ലൈവ് ആയോ അല്ലെങ്കിൽ പുന:സംപ്രേഷണമോ ഫുൾ കണ്ടാൽ മാത്രമേ അദ്ദേഹത്തിന്റെ യഥാർഥ സ്വാധീനം മനസ്സിലാകൂ. കാരണം, സ്കോർ ഷീറ്റിൽ പേരില്ലെങ്കിലും കളിയുടെ ഓരോ നിമിഷത്തിലും റോഡ്രിയുടെ ഇടപെടൽ നടക്കുന്നുണ്ട്​.

ഈ ലോക കപ്പിൽ ഒരു ഗോൾപോലും നേടുകയോ അസിസ്റ്റുകൾ നൽകുകയോ ചെയ്തില്ലെങ്കിലും, ടൂർണമെന്റിലുടനീളം നടത്തിയ ഡൊമിനന്റ് ഡിഫൻസീവ്, മിഡ്ഫീൽഡ് പ്രകടനങ്ങൾ കണക്കിലെടുത്താണ് റോഡ്രിക്ക് ഗോൾഡൻ ബോൾ നൽകിയത്. ഗോളുകൾ അടിക്കുന്നതിനേക്കാൾ, ടീമിന്റെ കളി നിയന്ത്രിക്കാനും, കൗണ്ടർ അറ്റാക്കുകൾ തടയാനും, പാസിംഗ് കൃത്യത ഉറപ്പാക്കാനും കാണിച്ച മികവാണ് ഈ പുരസ്കാരത്തിന് അർഹനാക്കിയത്

ഫുട്ബോൾ സ്റ്റാറ്റിസ്റ്റിക്സിൽ അധികം ചർച്ച ചെയ്യപ്പെടാത്ത ചില മേഖലകളുണ്ട്. എതിരാളികളുടെ പ്രസ്സിൽ നിന്ന് പന്ത് സുരക്ഷിതമായി പുറത്തുകൊണ്ടുവരാനുള്ള കഴിവ് പന്ത് ലഭിക്കുന്നതിന് മുമ്പ് ചുറ്റുപാടുകൾ വിലയിരുത്തുന്ന എക്സറേ സ്‌കാനിങ്, ശരിയായ സമയത്ത് ശരിയായ സ്ഥാനത്ത് എത്തുന്ന പൊസിഷനിങ്ങ്, മത്സരത്തിന്റെ താളം നിയന്ത്രിക്കുന്ന ടെമ്പോ കൺട്രോൾ, ടീമിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്ന റെസ്റ്റ് ഡിഫൻസ്... ഈ മേഖലകളിലെ മികവാണ് റോഡ്രിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇവയിൽ പലതും ഹൈലൈറ്റ്സിൽ ഇടംപിടിക്കില്ല. എന്നാൽ, ഒരു മികച്ച ആക്രമണത്തിന്റെയും വിജയകരമായ പ്രതിരോധത്തിന്റെയും അടിത്തറ പലപ്പോഴും ഈ ചെറിയ കാര്യങ്ങളാണ്.

ഡിഫൻസീവ് മിഡ്ഫീൽഡർ എന്നത് ഒരു ടീമിലെ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളിലൊന്നാണ്. പ്രതിരോധത്തിനും ആക്രമണത്തിനും ഇടയിൽ പന്തിന്റെ നിയന്ത്രണം നിലനിർത്തി ടീമിനൊപ്പം തന്നെ തുടരുകയും ചെയ്യേണ്ടത് ആ സ്ഥാനത്തിന്റെ ചുമതലയാണ്. ഈ ഉത്തരവാദിത്തം വർഷങ്ങളായി സ്ഥിരതയോടെ നിർവഹിക്കുന്ന താരമാണ് റോഡ്രി.

2024-ലെ ബാലൺ ഡി ഓർ പുരസ്കാരം റോഡ്രിക്ക്​ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു. പലരും വിനീഷ്യസ് ജൂനിയറിന്റെ പേരാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ലോക ഫുട്ബോൾ ആദരിച്ചത് കളിയുടെ ഗതി നിയന്ത്രിക്കുന്ന റോഡ്രിയുടെ സ്വാധീനത്തെയായിരുന്നു.

യൂറോ 2024-ലും അതേ ചിത്രം ആവർത്തിച്ചു. ലാമിൻ യമാൽ, നിക്കോ വില്യംസ്, ഫാബിയൻ റൂയിസ് എന്നിവർ ശ്രദ്ധേയ പ്രകടനം നടത്തിയെങ്കിലും, ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് റോഡ്രിയായിരുന്നു. ഫൈനൽ വരെയുള്ള സ്‌പെയിനിന്റെ ഓരോ മത്സരത്തിലും മധ്യനിരയുടെ നിയന്ത്രണവും കളിയുടെ താളവും അദ്ദേഹത്തിന്റെ കാലുകളിലൂടെയായിരുന്നു.

ഫുട്ബോളിൽ ഗോൾ നേടുന്നവരാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. എന്നാൽ, ആ ഗോളുകൾ പിറക്കാൻ ആവശ്യമായ അടിത്തറ ഒരുക്കുന്ന താരങ്ങളും അത്രതന്നെ പ്രധാനപ്പെട്ടവരാണ്. റോഡ്രി അതിന് ഏറ്റവും വലിയ തെളിവാണ്.


റോഡ്രിയുടെ കരിയർ നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ:

* ക്ലബ് കരിയർ: അത്‌ലറ്റിക്കോ മാഡ്രിഡിലൂടെ കരിയർ ആരംഭിച്ചു. വിയ്യാറയലിൽ ശ്രദ്ധേയ പ്രകടനം വഴി മാഞ്ചസ്റ്റർ സിറ്റിയിലൂടെ ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി വളർന്നു.
* ഫിഫ ലോകകപ്പ് കിരീടം (2026): സ്പെയിൻ ദേശീയ ടീമിനെ 2026 ഫിഫ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകനായി. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള അഡിഡാസ് ഗോൾഡൻ ബോൾ പുരസ്‌കാരവും സ്വന്തമാക്കി. 

* ചാമ്പ്യൻസ് ലീഗ് വിജയം: 2022-23 സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത വിജയഗോൾ ഫൈനലിൽ നേടിയത് റോഡ്രിയായിരുന്നു.

* പ്രീമിയർ ലീഗ് കിരീടങ്ങൾ: മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം നിരവധി പ്രീമിയർ ലീഗ് കിരീടങ്ങളും ഇംഗ്ലണ്ടിലെ മറ്റ് ആഭ്യന്തര ട്രോഫികളും സ്വന്തമാക്കി.

* രാജ്യാന്തര നേട്ടങ്ങൾ: സ്പെയിൻ ദേശീയ ടീമിനൊപ്പം യുവേഫ നേഷൻസ് ലീഗ് (2022-23), യുവേഫ യൂറോ 2024 കിരീടം എന്നിവ നേടി. യൂറോ 2024-ലെ മികച്ച താരമായി  തിരഞ്ഞെടുക്കപ്പെട്ടു.

* ബാലൺ ഡി ഓർ: ഫുട്ബോളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത ബഹുമതിയായ 2024-ലെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 1
Sad Sad 0
Angry Angry 0

Comments (0)

User