ബ്രസീൽ പോരാട്ടത്തിന് പിന്നാലെ കേപ് വെർദെ; ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരക്രമം ശക്തമാകുന്നു
ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് പിന്നാലെ കേപ് വെർദെയുമായും ഇന്ത്യ ഏറ്റുമുട്ടിയേക്കുമെന്ന് റിപ്പോർട്ട്; മത്സരത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നു.
ഡൽഹി: ബ്രസീലുമായുള്ള സൗഹൃദ മത്സരത്തിന്റെ ആവേശത്തിനിടെ ഇന്ത്യൻ ഫുട്ബോൾ ടീമിനെ തേടി മറ്റൊരു ശ്രദ്ധേയ വാർത്ത. കഴിഞ്ഞ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേപ് വെർദെയെതിരേ ഇന്ത്യ സൗഹൃദ മത്സരം കളിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 3ന് കൊൽക്കത്തയിലാണ് ബ്രസീലിനെതിരായ ഇന്ത്യയുടെ സൗഹൃദ മത്സരം. അതേസമയം, സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെയുള്ള കാലയളവിൽ ഏതെങ്കിലും ദിവസമായിരിക്കും കേപ് വെർദെയുമായുള്ള മത്സരം നടക്കുകയെന്നാണ് നിലവിലെ സൂചന. മത്സരം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ധാരണയിലെത്തിയാൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കഴിഞ്ഞ ലോകകപ്പിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ ടീമാണ് കേപ് വെർദെ. സ്പെയിൻ, ഉറുഗ്വായ്, സൗദി അറേബ്യ ടീമുകളെ സമനിലയിൽ തളച്ചാണ് അവർ ശ്രദ്ധ നേടിയത്. റൗണ്ട് ഓഫ് 32ൽ അർജന്റീനയോട് പൊരുതി തോറ്റാണ് കേപ് വെർദെ ലോകകപ്പ് യാത്ര അവസാനിപ്പിച്ചത്. ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനായി ഇന്ത്യ ഫിഫ ആസിയാൻ കപ്പിൽ നിന്ന് പിന്മാറിയിരുന്നു. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെ ഇൻഡൊനീഷ്യയിൽ നടക്കുന്ന ടൂർണമെന്റിൽ ഇൻഡൊനീഷ്യ, മലേഷ്യ, സിംഗപ്പൂർ ടീമുകളെയാണ് ഇന്ത്യ നേരിടേണ്ടിയിരുന്നത്. എന്നാൽ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെതിരെ കളിക്കാനുള്ള അവസരം ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുന്ന അപൂർവ അവസരമാണെന്നാണ് എ.ഐ.എഫ്.എഫ് വിലയിരുത്തുന്നത്. ബ്രസീലിന് പുറമെ കേപ് വെർദെയുമായും ഏറ്റുമുട്ടാൻ കഴിഞ്ഞാൽ ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരക്രമത്തിന് അത് കൂടുതൽ കരുത്തേകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)