ശമ്പളത്തേക്കാള്‍ പ്രധാനം ആത്മാഭിമാനം': സ്വപ്ന ജോലി ഉപേക്ഷിച്ച്‌ ഇൻഡിഗോ ജീവനക്കാരി

Self-respect is more important than salary: IndiGo employee quits dream job

ശമ്പളത്തേക്കാള്‍ പ്രധാനം ആത്മാഭിമാനം': സ്വപ്ന ജോലി ഉപേക്ഷിച്ച്‌ ഇൻഡിഗോ ജീവനക്കാരി

യൂണിഫോമില്‍ ടൈ ധരിക്കാൻ മറന്നതിന് കാലുപിടിച്ച്‌ മാപ്പുപറയണമെന്ന് മേലുദ്യോഗസ്ഥൻ ആവശ്യപ്പെട്ടതിന് പിന്നാലെ യുവാവ് ഇൻഡിഗോയില്‍ നിന്ന് രാജി വെച്ച വാർത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയ്ക്ക് വഴി വെച്ചിരുന്നു.

ആഴ്ചകള്‍ക്കിപ്പുറം ഇൻഡിഗോയിലെ മുൻ ജീവനക്കാരി പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്.

പലരുടേയും സ്വപ്ന ജോലിയായ ഇൻഡിഗോയിലെ ജോലി ഒഴിവാക്കിയത് എന്തിനാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇൻഡിഗോ ബംഗളൂരു മുൻ ജീവനക്കാരിയായ പായല്‍ ദാസ്. ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'നമുക്ക് പണം വേണം, അതിന് ജോലി ചെയ്യണം, പക്ഷേ ആദ്യ പരിഗണന നമ്മള്‍ നമുക്കുതന്നെ നല്‍കണം. അർഹിച്ച ബഹുമാനം കിട്ടാത്ത ഇടത്ത് വിലപ്പെട്ട സമയം നല്‍കേണ്ടതില്ല. കാരണം അവർ അത് അർഹിക്കുന്നില്ല' എന്നും വീഡിയോയില്‍ പറയുന്നു. ജൂലൈ 17നാണ് ജോലി ഒഴിവാക്കിയതെന്നും അവർ പറഞ്ഞു. പുറത്തുനിന്നു നോക്കുന്നവർക്ക് ഇൻഡിഗോ ഒരു സ്വപ്ന കമ്പനിയായി തോന്നാമെങ്കിലും, ഉള്ളില്‍ യാഥാർഥ്യം മറ്റൊന്നാണെന്നും കടുത്ത മാനസിക സമ്മർദമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും അവർ പറയുന്നു. നീണ്ട മൂന്നു വർഷത്തെ സഹനത്തിന് ശേഷമാണ് താൻ ഈ തീരുമാനമെടുത്തതെന്നും കമ്പനിക്ക് തന്നെ അർഹിക്കുന്നില്ലെന്നും തൊഴില്‍, പണം എന്നിവയേക്കാള്‍ ആത്മാഭിമാനത്തിന് മുൻഗണന നല്‍കണമെന്നും കോർപ്പറേറ്റ് മേഖലയിലുള്ളവരോട് പായല്‍ ആഹ്വാനം ചെയ്യുന്നു. 

വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ശമ്പളത്തേക്കാള്‍ വിലയേറിയതായിരിക്കണം എപ്പോഴും നമ്മുടെ ആത്മാഭിമാനം, ഞാനും ഇൻഡിഗോയില്‍ നിന്ന് രാജിവെച്ചതാണ്, അപമാനത്തേക്കാള്‍ സമാധാനമാണ് ഞാൻ തിരഞ്ഞെടുത്തത് അതില്‍ ഖേദമില്ലെന്നും തുടങ്ങി നിരവധി കമന്റുകളാണ് പായലിനെ പിന്തുണച്ച്‌ വരുന്നത്.