നെഹ്റു ഉയർത്തിപ്പിടിച്ച ജനാധിപത്യത്തെ തകർക്കാനുള്ള ബിജെപി നീക്കം അനുവദിക്കില്ല: പി.കെ. ഫൈസൽ

ഏകാധിപത്യത്തിലേക്കുള്ള ബിജെപി ശ്രമങ്ങളെ ഇന്ത്യൻ ജനത ചെറുക്കും; നെഹ്റുവിന്റെ ജനാധിപത്യ-മതേതര കാഴ്ചപ്പാടുകൾ അനുസ്മരിച്ച് ഡിസിസി

Nov 14, 2026 - 17:25
0
നെഹ്റു ഉയർത്തിപ്പിടിച്ച ജനാധിപത്യത്തെ തകർക്കാനുള്ള ബിജെപി നീക്കം അനുവദിക്കില്ല: പി.കെ. ഫൈസൽ

കാസർകോട്: ഇന്ത്യയിൽ ഏകാധിപത്യം സ്ഥാപിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ ഇന്ത്യൻ ജനത അനുവദിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ. വിവിധ ജാതി, മത, ഭാഷാ, സംസ്കാര വൈവിധ്യങ്ങളെ ഉൾക്കൊണ്ട് ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ അടിസ്ഥാനശിലകളാക്കി ഇന്ത്യയെ ലോകത്തിന് മാതൃകയാക്കിയതിൽ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ പങ്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിലൂടെ അധികാരം നേടിയശേഷം ജനങ്ങളെ അടിച്ചമർത്തുന്ന ഭരണാധികാരിയാകാനല്ല നെഹ്റു ശ്രമിച്ചത്. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവർക്കുൾപ്പെടെ ഭരണത്തിൽ പങ്കാളികളാകാൻ അവസരം ലഭിക്കണമെന്ന ലക്ഷ്യത്തോടെ പ്രായപൂർത്തി വോട്ടവകാശം നടപ്പിലാക്കി ജനാധിപത്യ ഭരണസംവിധാനത്തിന് ശക്തമായ അടിത്തറയിട്ടതാണ് നെഹ്റുവിന്റെ ചരിത്രപ്രസക്തിയെന്നും ഫൈസൽ അനുസ്മരിച്ചു.

നെഹ്റുവിന്റെ പിൻഗാമികളായ കോൺഗ്രസ് പ്രധാനമന്ത്രിമാരും ഈ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ മുന്നോട്ടുപോയി. എന്നാൽ, നിലവിൽ രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ ഈ സംവിധാനങ്ങളെ തകർത്തു ഏകാധിപത്യത്തിലേക്ക് നീങ്ങാൻ ശ്രമിക്കുകയാണെന്നും അത്തരം നീക്കങ്ങൾ അംഗീകരിക്കാൻ ഇന്ത്യൻ ജനത തയ്യാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജവഹർലാൽ നെഹ്റുവിന്റെ 137-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ നടന്ന അനുസ്മരണ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഷ്പാർച്ചനയോടെയാണ് പരിപാടി ആരംഭിച്ചത്.

ഡിസിസി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു. വി.ആർ. വിദ്യാസാഗർ, അഡ്വ. പി.വി. സുരേഷ്, ഡോ. കെ.വി. ശശിധരൻ, രാജൻ പെരിയ, കെ. ഖാലിദ്, അഡ്വ. ശ്രീജിത്ത് മാടക്കൽ, കെ. ലക്ഷ്മണപ്രഭു, എം. രാജീവൻ നമ്പ്യാർ, കെ.വി. ഭക്തവത്സലൻ, ഖാദർ മാന്യ, ഉഷ അർജുനൻ തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User