സി.ജെ.പി.യുടെ പിന്മാറ്റം; രാഹുൽ ഗാന്ധിയുടെ പോരാട്ടം പുതിയ വഴിയിൽ

ജന്തർ മന്തർ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ സി.ജെ.പി. നേതാക്കൾ മാപ്പ് പറഞ്ഞ് ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും സമരങ്ങളുമായി മുന്നോട്ട്.

Oct 22, 2026 - 10:17
Updated: 2 hours ago
0
സി.ജെ.പി.യുടെ പിന്മാറ്റം; രാഹുൽ ഗാന്ധിയുടെ പോരാട്ടം പുതിയ വഴിയിൽ

അങ്ങനെ സി.ജെ.പി.യും കീഴടങ്ങി. സമരങ്ങൾ അത്ര എളുപ്പമല്ല, എന്തിനെതിരായാണോ പോരാടുന്നത് അതിനെക്കുറിച്ച് വ്യക്തമായ ബോധവും അതേ ആശയമുള്ളവരെ ബഹുമാനിക്കുകയും വേണം. അഹങ്കാരവും എടുത്തുചാട്ടവും ആപത്താണ് എന്ന് സി.ജെ.പി. നേതാക്കൾ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടിനി രാഹുൽ ഗാന്ധിയും ഇന്ത്യാ മുന്നണിയും എന്ത് പറയുന്നു എന്ന് കേൾക്കാൻ മനസ്സ് കാണിക്കാൻ തയ്യാറാവുകയാണ് സി.ജെ.പി. നേതാക്കളും കോടിക്കണക്കിന് വരുന്ന യുവാക്കളും. ജന്തർ മന്തർ സമരവേദിയല്ലാതെ തുടരുന്നിടത്തോളം അവിടെ പ്രതിഷേധിക്കുകയോ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ ഇല്ലെന്ന് എഴുതിക്കൊടുത്ത് മാപ്പും പറഞ്ഞ് സി.ജെ.പി. നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും കോടതിയിൽ കൈകൂപ്പി. അതോടെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി ഇരുവരെയും മോചിപ്പിക്കാൻ ഉത്തരവിടുകയും ഇരുവരും ഡൽഹിയിലെ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി രക്ഷപ്പെട്ടു. സി.ജെ.പി. ഒന്നാം നേതാവായ അഭിജിത് ദീപക്കെയെ പൂട്ടിയ കേന്ദ്രം അവസാനം കോടതിയിൽ ബാക്കിയുള്ളവരെയും പൂട്ടി സീൽ വെച്ചു. ഇനി ജന്തർ മന്തർ അംഗീകൃത സമരകേന്ദ്രമാകുന്നത് വരെ അവിടെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കില്ലെന്നും സമാധാനാന്തരീക്ഷവും ക്രമസമാധാനവും തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും ഇരുവരും കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞതോടെ സി.ജെ.പി.യുടെ സമരാവേശം കാറ്റുപോയ ബലൂൺ പോലെയായി. ഭാവിയിൽ നടത്തുന്ന എല്ലാ പ്രതിഷേധങ്ങളും ഭരണഘടനാപരമായ അതിരുകൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രമായിരിക്കുമെന്നും ഇരുവരും ഉറപ്പുനൽകി. അതുകൂടാതെ, ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളുടെ മുന്നിൽ മജിസ്‌ട്രേറ്റ് കോടതിയെ അധിക്ഷേപിച്ച പ്രതികരണങ്ങളിൽ ഇരുവരുടെയും അഭിഭാഷകർ കോടതിയിൽ മാപ്പപേക്ഷിച്ചു. ഇനിമേലിൽ ഇത്തരത്തിലുള്ള പെരുമാറ്റം ആവർത്തിക്കില്ലെന്നും കോടതിക്ക് മുന്നിൽ കൈകൂപ്പി ഉറപ്പുനൽകുകയും ചെയ്തു.

ഇരുവരും 50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള ജാമ്യക്കാരെയും ഹാജരാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. ഏതായാലും സി.ജെ.പി.യുടെ പിന്മാറ്റമൊന്നും രാഹുൽ ഗാന്ധിയെയും ഇന്ത്യാ മുന്നണിയെയും ഒന്നും ബാധിക്കാൻ പോകുന്നില്ല. സി.ജെ.പി. നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തപ്പോൾ, രാഹുൽ ഗാന്ധി അവർക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയാണുണ്ടായത്. സമാധാനപരമായി പ്രതിഷേധിക്കുന്ന യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വമാണ്, ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള എല്ലാ പ്രക്ഷോഭങ്ങളുടെയും ലക്ഷ്യം ഒന്നാണ് എന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. സി.ജെ.പി. നേതാക്കളുടെ പിന്മാറ്റത്തോടെ യൂത്ത് കോൺഗ്രസ് ശക്തി പ്രാപിക്കുകയാണ്. ഇതിനിടയിൽ തന്നെ ഡൽഹിയിൽ യുഎസ് എംബസിക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ മിന്നൽ സമരം നടന്നിരിക്കുന്നു. വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഫയലുകളുപയോഗിച്ച് അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്തുകയാണെന്ന സത്യം യൂത്ത് കോൺഗ്രസ് വിളിച്ചുപറഞ്ഞത് പ്രധാനമന്ത്രിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ചുരുക്കത്തിൽ, സി.ജെ.പി. നേതാക്കൾക്കുണ്ടാകുന്ന തിരിച്ചടികളോ മാറ്റങ്ങളോ രാഹുൽ ഗാന്ധിയുടെ സമരതന്ത്രങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളല്ല. എന്നുമാത്രമല്ല, രാഹുൽ ഗാന്ധിയും കോൺഗ്രസ് മുന്നണിയും തങ്ങളുടെ സ്വന്തം സംഘടനാ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്ലാൻ ചെയ്ത പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുന്നത്. എന്നിരിക്കെ യൂത്ത് കോൺഗ്രസും എൻ.എസ്.യു.വും കൂടി ശക്തി പ്രാപിക്കുകയാണ്. ഏതായാലും സമരങ്ങൾ ശക്തമാകുമ്പോൾ ലക്ഷ്യബോധമില്ലാത്തവരുടെ ഇടയ്ക്കുവെച്ചുള്ള പിന്മാറ്റം രാഹുൽ ഗാന്ധിയുടെ ഉത്തരവാദിത്തം കൂട്ടി കൂട്ടി വരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User