സ്വന്തം മകനും കൈവിട്ടു! ട്രംപിന്റെ ഇറാൻ യുദ്ധം അമേരിക്കയിൽ തിരിച്ചടിയായി

ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരിച്ചടിക്ക് ഇറാൻ യുദ്ധവും ട്രംപിന്റെ വിദേശനയവുമാണ് കാരണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും മകൻ ഡോൺ ജൂനിയറും വിമർശിച്ചതോടെ അമേരിക്കൻ രാഷ്ട്രീയത്തിൽ ട്രംപ് കടുത്ത ഒറ്റപ്പെടൽ നേരിടുകയാണ്.

Nov 05, 2026 - 15:24
Updated: 4 hours ago
0
സ്വന്തം മകനും കൈവിട്ടു! ട്രംപിന്റെ ഇറാൻ യുദ്ധം അമേരിക്കയിൽ തിരിച്ചടിയായി

സ്വന്തം മകൻ പോലും ട്രംപിനെ തിരിഞ്ഞു കൊത്തുകയാണിപ്പോൾ. പ്രസിഡന്റിന്റെ തലതിരിഞ്ഞ പ്രവർത്തികൾ കാരണമാണ് ഈ ഇടക്കാല തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഇത്രയും വലിയ തോൽവിയുണ്ടായത്. വൈസ് പ്രസിഡന്റ് പറയുന്നത് ഇറാനെ ഇസ്രായേലിനൊപ്പം ചേർന്ന് തകർക്കാൻ നോക്കിയതാണ് ട്രംപിന് തിരിച്ചടിയായതെന്നാണ്. അതിനിടയിലാണ് ലോകസമ്പന്നനായ ഇലോൺ മസ്ക് ട്രംപിനും ട്രംപ് നിർത്തിയ സ്ഥാനാർത്ഥികൾക്കും വേണ്ടി 4,700 കോടി രൂപ പൊടിച്ച വാർത്ത പുറത്തുവരുന്നത്. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡെമോക്രാറ്റുകൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നുമുണ്ട്. ഇത്രയൊക്കെ ചെയ്തിട്ടും ട്രംപ് നേരിട്ടിറങ്ങിയ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി തോറ്റു തുന്നംപാടിയെങ്കിൽ അതിന് ഒരേയൊരു കാരണമേയുള്ളൂ—അത് ട്രംപിന്റെ വിദേശനയം തന്നെയാണ്. സാധാരണയായി അമേരിക്കൻ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാറുള്ളത് രാജ്യത്തെ ആഭ്യന്തര വിഷയങ്ങളാണ്. എന്നാൽ ഇവിടെ കാര്യങ്ങൾ നേരെ മറിഞ്ഞു. അമേരിക്കൻ വോട്ടർമാരെ ഏറ്റവുമധികം സ്വാധീനിച്ചത് ട്രംപിന്റെ വിദേശനയമാണ്. ആ വിദേശനയത്തെയാണ് സ്വന്തം മകൻ പോലും ഇപ്പോൾ മുഖത്ത് നോക്കി കുറ്റപ്പെടുത്തുന്നത്.....ഇടക്കാല തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ വൈറ്റ് ഹൗസിലും റിപ്പബ്ലിക്കൻ പാർട്ടിയിലും വൻ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർന്നിരിക്കുകയാണ്. യുഎസ് കോൺഗ്രസിലെ ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും നിയന്ത്രണം ഡെമോക്രാറ്റുകൾ വൻ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തതോടെ പാർട്ടിയിലെ ആഭ്യന്തര ഭിന്നത ഇപ്പോൾ പരസ്യ പോരിലേക്ക് നീങ്ങിയിരിക്കുന്നു.

ഈ പരാജയത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ചോദിച്ചാൽ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഡോണാൾഡ് ട്രംപിന്റെ സ്വന്തം മകൻ ഡോണാൾഡ് ട്രംപ് ജൂനിയറും അത് തുറന്നു പറഞ്ഞു കഴിഞ്ഞു. ഇറാനെതിരെയുള്ള അനാവശ്യ യുദ്ധവും, ഇസ്രായേലിനൊപ്പം ചേർന്ന് നടത്തിയ കടന്നാക്രമണങ്ങളും, അതുമൂലം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ ഇന്ധനവിലക്കയറ്റവുമാണ് തോൽവിക്ക് പ്രധാന ആധാരം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ വാൻസ് ഇതേക്കുറിച്ച് വ്യക്തമായി എഴുതിയിട്ടുണ്ട്. നമ്മൾ തോറ്റതിന്റെ പ്രധാന കാരണം ഇറാൻ യുദ്ധവും ഇന്ധനവിലക്കയറ്റവുമാണെന്നും ആ സത്യം ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം തുറന്നടിച്ചു. വിപ്ലവകരമായ മാറ്റം എന്തെന്നാൽ, ട്രംപിന്റെ മകൻ ഡോൺ ജൂനിയർ ഈ പോസ്റ്റ് പൂർണ്ണമായി പിന്തുണച്ച് രംഗത്തെത്തി എന്നതാണ്. "എല്ലാ വാക്കും നൂറു ശതമാനം ശരിയാണ്" എന്ന് കുറിച്ചാണ് അദ്ദേഹം വാൻസിന്റെ പോസ്റ്റ് പങ്കുവെച്ചത്.

ഇറാൻ യുദ്ധം മൂലമുണ്ടായ കടുത്ത എണ്ണക്ഷാമവും 3.7 ശതമാനം വരെ ഉയർന്ന പണപ്പെരുപ്പവുമാണ് വോട്ടർമാരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് അകറ്റിയത്. എക്‌സിറ്റ് പോളുകളിൽ പങ്കെടുത്ത 80 ശതമാനത്തോളം വോട്ടർമാരും ജീവിതച്ചെലവ് വർദ്ധിച്ചതിൽ ട്രംപിന്റെ നയങ്ങളെയാണ് കുറ്റപ്പെടുത്തിയത്. വോട്ടർമാർ പാർട്ടിക്ക് എതിരായി വിധിയെഴുതിയിട്ടും തെറ്റ് സമ്മതിക്കാൻ ഡൊണാൾഡ് ട്രംപ് മാത്രം ഇതുവരെ തയ്യാറായിട്ടില്ല. "വാൻ പറഞ്ഞതിൽ കുറച്ചൊക്കെ സത്യമുണ്ടാകാം, എങ്കിലും എനിക്ക് ഒന്നുകൂടി അവസരം കിട്ടിയാലും ഞാൻ ഈ യുദ്ധം തന്നെ തിരഞ്ഞെടുക്കും" എന്നാണ് മാധ്യമങ്ങൾക്ക് മുന്നിൽ ട്രംപ് ന്യായീകരിച്ചത്. ബാലറ്റിൽ തന്റെ പേര് ഉണ്ടായിരുന്നെങ്കിൽ പാർട്ടി വിജയിക്കുമായിരുന്നു എന്ന വിചിത്രമായ അവകാശവാദവും ട്രംപ് ഉന്നയിക്കുന്നു.

എന്നാൽ വൈസ് പ്രസിഡന്റിന്റെ പരസ്യ വിയോജിപ്പ് രാജ്യാന്തര എണ്ണ വിപണിയിൽ വൻ മാറ്റങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. യുഎസ് നയത്തിൽ ഇനി അയവുണ്ടായേക്കുമെന്ന പ്രതീക്ഷയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില എട്ട് ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 95 ഡോളറിലേക്ക് താഴ്ന്നു. 2028-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ട്രംപിന്റെ തിരിച്ചടിക്കുന്ന നയങ്ങളിൽ നിന്ന് അകലം പാലിക്കാനുള്ള വാൻസിന്റെ നീക്കമായും രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നുണ്ട്....അതിനിടയിലാണ് ലോകസമ്പന്നനായ ഇലോൺ മസ്കിന് തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ തിരിച്ചടിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ വിജയത്തിനായി മസ്ക് ഏകദേശം 4,700 കോടി രൂപയോളമാണ് (50 കോടി ഡോളർ) പൊടിച്ചത്. അമേരിക്കൻ ചരിത്രത്തിൽ തന്നെ ഒരു വ്യക്തി തെരഞ്ഞെടുപ്പിനായി ചെലവഴിക്കുന്ന ഏറ്റവും വലിയ തുകയാണിത്. എന്നാൽ ഈ കോടികളുടെ ഒഴുക്കിനും റിപ്പബ്ലിക്കന്മാരെ രക്ഷിക്കാനായില്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, "ഞാൻ പ്രയോഗിച്ച ബഹിരാകാശ ലേസറുകൾ ഇത്തവണ ഫലിച്ചില്ല" എന്ന് തമാശ രൂപേണ മസ്ക് കുറിച്ചെങ്കിലും, തിരിച്ചടി വളരെ വലുതാണ്. ടെക്സാസിൽ ഡാറ്റാ സെന്ററുകളുടെ വിപുലീകരണത്തെ എതിർത്ത ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജിന ഹിനോജോസ വിജയിച്ചത് മസ്കിന്റെ വ്യവസായിക ലക്ഷ്യങ്ങൾക്കും വലിയ ആഘാതമായിട്ടുണ്ട്. മസ്ക് നടത്തിയ വൻ സാമ്പത്തിക ഇടപെടലുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ഡെമോക്രാറ്റുകൾ ഒറ്റക്കെട്ടായി ആവശ്യപ്പെടാൻ തുടങ്ങിയതോടെ മസ്കിന്റെ കമ്പനികളായ ടെസ്‌ലയും സ്‌പേസ് എക്‌സും കൂടുതൽ നിയമപരമായ പരിശോധനകൾ നേരിടേണ്ടി വരും....സാധാരണ അമേരിക്കൻ തെരഞ്ഞെടുപ്പുകളിൽ ആഭ്യന്തര സാമ്പത്തിക തർക്കങ്ങളാണ് പ്രധാന വിഷയമാകാറുള്ളതെങ്കിൽ, ഇത്തവണ ട്രംപിന്റെ ഏകപക്ഷീയമായ വിദേശനയവും ഇറാൻ യുദ്ധവുമാണ് വോട്ടർമാരെ മാറ്റി ചിന്തിപ്പിച്ചത്. സ്വന്തം കുടുംബത്തിൽ നിന്നും പാർട്ടിയിലെ സഹപ്രവർത്തകരിൽ നിന്നും ഒരേപോലെ എതിർപ്പ് നേരിടുമ്പോഴും, യാഥാർത്ഥ്യം അംഗീകരിക്കാതെ സ്വന്തം ന്യായീകരണങ്ങളിൽ അഭയം കണ്ടെത്താനാണ് അമേരിക്കൻ പ്രസിഡന്റ് ഇപ്പോഴും ശ്രമിക്കുന്നത്...

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User