വി ഡി സതീശനും തനിക്കുമെതിരെ മെറ്റാ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് രഹസ്യ റെക്കോർഡിങ്ങിന് ശ്രമം; ഡി.കെ. ശിവകുമാർ
വ്യവസായിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയെന്ന് കർണാടക മുഖ്യമന്ത്രി; എൻഡിഎ നേതാക്കളെ കണ്ടപ്പോൾ സ്മാർട്ട് ഗ്ലാസ് ധരിച്ചിരുന്നില്ലെന്നും ഡികെ
ബെംഗളൂരു: മെറ്റാ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് തന്നെ രഹസ്യമായി റെക്കോർഡ് ചെയ്യാൻ ശ്രമം നടന്നതായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയിലും ഇതേ സ്മാർട്ട് ഗ്ലാസ് ധരിച്ചെത്തിയ വ്യവസായി പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏഷ്യാനെറ്റ് സുവർണ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ശിവകുമാറിന്റെ വെളിപ്പെടുത്തൽ. കർണാടകയിൽ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ടുള്ള സ്റ്റിങ് ഓപ്പറേഷൻ വിവാദത്തിനിടെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നത്.
അധികാരികളുടെ സഹായത്തോടെ കൂടിക്കാഴ്ചയ്ക്ക് അനുമതി നേടിയെത്തിയ വ്യവസായി ആദ്യം ബിസിനസ് കാര്യങ്ങളാണ് സംസാരിച്ചതെന്ന് ശിവകുമാർ പറഞ്ഞു. പിന്നീട് സംഭാഷണം രാഷ്ട്രീയത്തിലേക്ക് വഴിമാറി. ബൂത്ത് തലത്തിലെ രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ചും മറ്റു രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും സംസാരിക്കാൻ തുടങ്ങിയതോടെ സംശയം തോന്നി. ഇയാൾ ധരിച്ചിരുന്ന കണ്ണടയും ശ്രദ്ധയിൽപ്പെട്ടതോടെ പശ്ചാത്തലം പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശോധനയിൽ ലഭിച്ച വിവരങ്ങൾ പ്രകാരം, തന്നെയും വി.ഡി. സതീശനെയും കാണാനെത്തിയപ്പോഴാണ് വ്യവസായി മെറ്റാ സ്മാർട്ട് ഗ്ലാസ് ധരിച്ചിരുന്നതെന്നാണ് ശിവകുമാറിന്റെ അവകാശവാദം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഒരു കേന്ദ്രമന്ത്രി എന്നിവരെ സന്ദർശിച്ചപ്പോൾ ഇയാൾ ഈ കണ്ണട ധരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ പുറത്തുവിടാൻ ഉദ്ദേശിക്കുന്നില്ലെന്നും ശിവകുമാർ വ്യക്തമാക്കി. ഉചിതമായ സമയത്ത് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാംഗങ്ങൾ ഇത്തരം നീക്കങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബന്ധപ്പെട്ടതായി പ്രചരിക്കുന്ന സ്റ്റിങ് ഓപ്പറേഷൻ ദൃശ്യങ്ങളെച്ചൊല്ലി കർണാടകയിൽ രാഷ്ട്രീയ തർക്കം തുടരുന്നതിനിടെയാണ് ശിവകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ. രാഷ്ട്രീയ നേതാക്കളെ കുടുക്കാൻ രഹസ്യ റെക്കോർഡിങ്ങുകൾ നടത്തുന്നതായി നേരത്തെയും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)