സിപിഎമ്മിന്റെ ഭീഷണിക്ക് വഴങ്ങില്ല; പോരാട്ടം തുടരും: വി. കുഞ്ഞികൃഷ്ണൻ എംഎൽഎ
സഹകരണ വാരാഘോഷത്തിലെ പ്രതിഷേധം ആസൂത്രിതം; പ്രസംഗം അലങ്കോലപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടന്നെന്ന് വി കുഞ്ഞികൃഷ്ണൻ
കണ്ണൂർ: സിപിഎമ്മിന്റെ ഭീഷണികൾക്കും കൈയ്യൂക്കിനും വഴങ്ങില്ലെന്നും ജനാധിപത്യവിരുദ്ധ സമീപനങ്ങൾക്കെതിരായ പോരാട്ടം തുടരുമെന്നും പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ തന്റെ പ്രസംഗം അലങ്കോലപ്പെടുത്താൻ സിപിഎം അനുകൂല സഹകാരികൾ ആസൂത്രിതമായി ശ്രമിച്ചെന്നും പേഴ്‌സണൽ സ്റ്റാഫ് അംഗത്തെ കയ്യേറ്റം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.
ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അംഗീകരിക്കുന്നതിൽ മടിയില്ലെന്നും പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും പറഞ്ഞ വി. കുഞ്ഞികൃഷ്ണൻ, എന്നാൽ കൈയ്യൂക്കും കയ്യാങ്കളിയും ചിലരുടെ പ്രത്യേക അവകാശമാണെന്ന സിപിഎമ്മിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. ഭീഷണികളെ ഭയപ്പെട്ടിരുന്നെങ്കിൽ തങ്ങളുടെ പ്രതിഷേധം നേരത്തേ അവസാനിക്കുമായിരുന്നുവെന്നും ഒരു ഭീഷണിയെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ വാരാഘോഷത്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ മാറ്റിനിർത്താനുള്ള അജണ്ട ആരുടേതായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയന്റെ പരിധിയിൽ രണ്ട് എംഎൽഎമാരും ഒരു എംപിയും ഉണ്ടായിരിക്കെ നഗരസഭാ ചെയർപേഴ്‌സണെ ഉദ്ഘാടകയാക്കാനുള്ള തീരുമാനം എവിടെ നിന്നാണ് ഉണ്ടായതെന്നും ശക്തമായ എതിർപ്പുണ്ടായിട്ടും തീരുമാനം മാറ്റാതിരുന്നത് ആരുടെ താൽപര്യപ്രകാരമാണെന്നും അദ്ദേഹം ചോദിച്ചു.
വാരാഘോഷത്തിന്റെ സംഘാടക സമിതി രൂപീകരണ ഘട്ടത്തിൽ തന്നെ യുഡിഎഫ് അനുകൂല സഹകാരികൾ എൽഡിഎഫ് അനുകൂല സഹകാരികളുടെ ഏകാധിപത്യ സമീപനത്തിനെതിരെ രംഗത്തെത്തിയിരുന്നുവെന്നും ഇക്കാര്യം വാർത്താസമ്മേളനത്തിലൂടെ വിശദീകരിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉദ്ഘാടന പ്രസംഗത്തിനിടെ വ്യക്തമായ ധാരണയോടെ എത്തിയ ഒരു വിഭാഗം ആളുകൾ ബോധപൂർവം കോലാഹലമുണ്ടാക്കിയെന്നാണ് വി. കുഞ്ഞികൃഷ്ണന്റെ ആരോപണം. ഓഡിറ്റോറിയത്തിന് മുന്നിലെ പഴയ ഉദ്ഘാടന ബോർഡ് പോലും മാറ്റാതിരുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചാൽ സംഭവങ്ങൾക്ക് പിന്നിലെ ആസൂത്രണം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് തന്നോടുള്ള വ്യക്തിപരമായ സമീപനം മാത്രമല്ലെന്നും സിപിഎമ്മിന് കൈമോശം വന്ന ഇടതുപക്ഷ രാഷ്ട്രീയത്തെ തുറന്നുകാട്ടിയ ജനപ്രതിനിധികളോടുള്ള പൊതുസമീപനമാണെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ തീരുമാനമാണ് ജനാധിപത്യത്തിൽ പരമപ്രധാനമെന്നും സിപിഎമ്മിന്റെ കൈക്കരുത്തുകൊണ്ടോ ഭ്രഷ്ട് കൽപ്പിക്കുന്ന സമീപനം കൊണ്ടോ അതിനെ ഇല്ലാതാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ പ്രതിനിധിയായി സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ സമീപനങ്ങൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും ഇത്തരം ഭീഷണികൾക്ക് കീഴടങ്ങില്ലെന്നും പ്രഖ്യാപിച്ചാണ് വി. കുഞ്ഞികൃഷ്ണൻ പ്രസ്താവന അവസാനിപ്പിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)