ബംഗളൂരുവിൽ TNIT സൗത്ത് ഇന്ത്യൻ അവാർഡ് നൈറ്റ്; വോയ്സ് ഓഫ് കേരള പുരസ്‌കാരം നേടി ബാലകൃഷ്ണൻ പെരിയ

അക്രമ രാഷ്ട്രീയത്തിനെതിരെ 24 മണിക്കൂർ റേഡിയോ പരിപാടി അവതരിപ്പിച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ മാധ്യമപ്രവർത്തകന് ബംഗളൂരുവിൽ അംഗീകാരം

Oct 23, 2026 - 20:55
0
ബംഗളൂരുവിൽ TNIT സൗത്ത് ഇന്ത്യൻ അവാർഡ് നൈറ്റ്; വോയ്സ് ഓഫ് കേരള പുരസ്‌കാരം നേടി ബാലകൃഷ്ണൻ പെരിയ

ബംഗളൂരു: TNIT സൗത്ത് ഇന്ത്യൻ അവാർഡ് നൈറ്റിൽ വോയ്സ് ഓഫ് കേരള പുരസ്‌കാരം നേടി കാസർകോട് പെരിയ സ്വദേശി ബാലകൃഷ്ണൻ പെരിയ. ശബ്ദാവതരണ രംഗത്തെ മികവുകൊണ്ടും വ്യത്യസ്തമായ റേഡിയോ പരിപാടികളിലൂടെയും ശ്രദ്ധേയനായ ബാലകൃഷ്ണൻ പെരിയയ്ക്ക് ലഭിച്ച ഈ അംഗീകാരം മാധ്യമരംഗത്തെ അദ്ദേഹത്തിന്റെ യാത്രയിലെ മറ്റൊരു സുപ്രധാന നേട്ടമായി.

കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി ദൃശ്യ, അച്ചടി, ശ്രവ്യ മാധ്യമരംഗങ്ങളിൽ മികവ് തെളിയിച്ച 40 ഓളം പേരാണ് ചടങ്ങിൽ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയത്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിൽ നിന്നുള്ളവർക്കും പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ ആദ്യമായി സമ്മാനിച്ച പുരസ്‌കാരം വോയ്സ് ഓഫ് കേരള അവാർഡായിരുന്നു.

2018ൽ അക്രമ രാഷ്ട്രീയത്തിനെതിരെ 24 മണിക്കൂർ തുടർച്ചയായി റേഡിയോ പരിപാടി അവതരിപ്പിച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ വ്യക്തിയാണ് ബാലകൃഷ്ണൻ പെരിയ. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ ശബ്ദത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളിൽ ശ്രദ്ധേയമായ അധ്യായമായിരുന്നു ഈ നേട്ടം.

റേഡിയോ അവതാരകൻ, വോയ്സ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ബാലകൃഷ്ണൻ പെരിയ, ആകാശവാണിയിലെ ജനപ്രിയ പരിപാടിയായ 'ഹലോ ജോയ് അലുക്കാസ്' അവതരണത്തിലൂടെ ശ്രോതാക്കൾക്കിടയിൽ ശ്രദ്ധ നേടി. 'ബാലേട്ടൻ' എന്ന പേരിൽ മലയാളി ശ്രോതാക്കളുടെ സ്നേഹം നേടിയ അദ്ദേഹം, ശബ്ദത്തിന്റെ വേറിട്ട അവതരണശൈലിയിലൂടെയാണ് വ്യക്തിമുദ്ര പതിപ്പിച്ചത്. പരസ്യങ്ങൾ, വോയ്സ് ഓവർ തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കൊച്ചി മെട്രോയിലെ മലയാളം അറിയിപ്പ് സംവിധാനത്തിനായി ശബ്ദം നൽകിയ ആദ്യ പുരുഷ ശബ്ദമായും ശ്രദ്ധ നേടിയിട്ടുണ്ട്.

ബംഗളൂരുവിൽ ലഭിച്ച പുരസ്‌കാരത്തിലുള്ള സന്തോഷം പങ്കുവെച്ച് ബാലകൃഷ്ണൻ പെരിയ കുറിച്ചു:

“വോയ്സ് ഓഫ് കേരള അവാർഡ് നേടാൻ കഴിഞ്ഞതിലുള്ള സന്തോഷം മറച്ചുവയ്ക്കാൻ കഴിയില്ല. ശബ്ദത്തെ തേടിയുള്ള യാത്ര ഇനിയും തുടരും.”

പ്രാർത്ഥനയോടെയും പിന്തുണച്ചവരോടുള്ള നന്ദിയോടെയുമാണ് അദ്ദേഹം ഈ നേട്ടം പങ്കുവെച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User