ലോകം തകർന്നാലും സുരക്ഷിതം! ഹെൽസിങ്കിയുടെ ഭൂഗർഭ നഗരത്തിന്റെ ഞെട്ടിക്കുന്ന വിശേഷങ്ങൾ

യുദ്ധം, ആണവഭീഷണി, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ അത്യാഹിത സാഹചര്യങ്ങളിൽ ജനങ്ങൾക്ക് അഭയം നൽകാൻ ഫിൻലൻഡിലെ ഹെൽസിങ്കിക്ക് താഴെയായി നിർമ്മിച്ചിരിക്കുന്ന ഭൂഗർഭ നഗരത്തിന്റെ വിശേഷങ്ങളും അതിന്റെ ചരിത്രവും സുരക്ഷാ സംവിധാനങ്ങളും അറിയാം.

ലോകം തകർന്നാലും സുരക്ഷിതം! ഹെൽസിങ്കിയുടെ ഭൂഗർഭ നഗരത്തിന്റെ ഞെട്ടിക്കുന്ന വിശേഷങ്ങൾ

നമ്മുടെ ലോകം എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്ന സാഹചര്യത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. യുദ്ധം, ഭൂകമ്പം, പ്രളയം, അഗ്നിപർവത സ്ഫോടനം, ആണവഭീഷണി തുടങ്ങി ഏത് ദുരന്തവും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന ആശങ്കകൾക്കിടയിലാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ, ഇത്തരം ദുരന്തങ്ങളിൽ നിന്ന് സുരക്ഷിതമായി അഭയം തേടാൻ കഴിയുന്ന ഒരു സ്ഥലം ഈ ഭൂമിയിൽ ഉണ്ടാകുമോയെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. അത്തരമൊരു സ്ഥലമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വർഷങ്ങളായി വിദഗ്ധരുടെ ചർച്ചാവിഷയമായ ആ സ്ഥലത്തെക്കുറിച്ച് അറിയാം.

വടക്കൻ യൂറോപ്യൻ രാജ്യമായ ഫിൻലൻഡിലാണ് ഈ പ്രത്യേക ഭൂഗർഭ നഗരം സ്ഥിതിചെയ്യുന്നത്. ഏത് അടിയന്തര സാഹചര്യത്തിലും ജനങ്ങൾക്ക് സുരക്ഷിതമായി അഭയം നൽകാൻ കഴിയുന്ന തരത്തിലാണ് ഇത്  രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിലെ മനോഹരമായ തെരുവുകൾക്കും കെട്ടിടങ്ങൾക്കും താഴെയായി ഒരു വിപുലമായ ഭൂഗർഭ നഗരം നിർമ്മിച്ചിട്ടുണ്ട്. പ്രദേശവാസികൾ "ദി സെക്കൻഡ് സിറ്റി" (The Second City) എന്ന് വിളിക്കുന്ന ഈ ഭൂഗർഭ നഗരം പാറകൾ തുരന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആണവാക്രമണം, വിഷവാതക ആക്രമണം, ജൈവായുധ ഭീഷണി തുടങ്ങിയ ഗുരുതര സാഹചര്യങ്ങളിൽ സംരക്ഷണം നൽകുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഭൂഗർഭ സംവിധാനങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ഇത് പെട്ടെന്നുണ്ടായ ഒരു ആശയത്തിന്റെ ഫലമായി രൂപംകൊണ്ട സുരക്ഷാ സംവിധാനമല്ല. ഇതിന് പിന്നിൽ വേദനാജനകമായ ഒരു ചരിത്രമുണ്ട്. 1939-ൽ രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ ഫിൻലൻഡിനെ ആക്രമിച്ചതോടെയാണ് രാജ്യം ഇത്തരമൊരു സുരക്ഷാ പദ്ധതി ആസൂത്രണം ചെയ്യാൻ തീരുമാനിച്ചത്. തുടർന്ന്, ഫിന്നിഷ് സർക്കാർ രാജ്യത്തുടനീളം 5,500-ലധികം അത്യാധുനിക ഷെൽട്ടറുകളും ഭൂഗർഭ ബങ്കറുകളും നിർമ്മിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് സുരക്ഷിതമായി അഭയം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വിപുലമായ പദ്ധതി നടപ്പാക്കിയത്.

ഭൂമിക്കടിയിൽ ഏകദേശം 25 മീറ്റർ (80 അടി) താഴ്ചയിലാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഈ ബങ്കറുകൾ നിർമ്മിച്ചിരിക്കുന്നത്. 2003-ൽ പൂർത്തിയായ 71,000 ക്യുബിക് മീറ്റർ വിസ്തീർണമുള്ള ഒരു ഷെൽട്ടറിന് ഏഴ് നിലകളുള്ള കെട്ടിടത്തിന്റെ വലുപ്പമുണ്ട്. നീന്തൽക്കുളം, സ്‌പോർട്‌സ് പിച്ച്, ജിം, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങി ദീർഘകാലം താമസിക്കാൻ ആവശ്യമായ വിവിധ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രധാന പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് കനത്ത നീല വാതിലുകളാണ് ഇതിന്റെ പ്രധാന സുരക്ഷാ സംവിധാനങ്ങളിലൊന്ന്. വലിയ സ്‌ഫോടനം ഉണ്ടായാൽ ആദ്യത്തെ വാതിൽ ആഘാത തരംഗങ്ങളുടെ ശക്തി കുറയ്ക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ടാമത്തെ വാതിൽ അപകടകരമായ രാസവസ്തുക്കൾ, ജൈവ ഏജന്റുകൾ, ന്യൂക്ലിയർ വികിരണം എന്നിവ അകത്തേക്ക് പ്രവേശിക്കുന്നത് തടയാൻ സഹായിക്കുന്ന സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാണ്.

ഹെൽസിങ്കി നഗരത്തിലെ ജനസംഖ്യ ഏകദേശം 6.75 ലക്ഷം (675,000) ആണ്. എന്നാൽ നഗരത്തിലെ ഭൂഗർഭ ബങ്കറുകൾക്ക് ഒരേസമയം ഏകദേശം 10 ലക്ഷം (1 മില്യൺ) ആളുകളെ പാർപ്പിക്കാനുള്ള ശേഷിയുണ്ട്. അതായത്, നഗരവാസികൾക്കൊപ്പം പുറത്തുനിന്ന് എത്തുന്നവർക്കും ആവശ്യമായ അഭയം ഒരുക്കാൻ ഈ സംവിധാനത്തിന് കഴിയും.