യു.പി.ഐക്ക് ചാർജ് ഏർപ്പെടുത്തിയാൽ ആളുകൾ പണമിടപാടുകളിലേക്ക് മടങ്ങും: ആർ.എസ്. ശർമ
ന്യൂഡൽഹി: യു.പി.ഐ സേവനങ്ങൾ പൂർണ്ണമായും സൗജന്യമായി തന്നെ തുടരണമെന്നും ഇതിന്റെ പരിപാലന ചെലവുകൾ സർക്കാറും ബാങ്കുകളും ഡിജിറ്റൽ സംവിധാനം വഴി നേടുന്ന ലാഭത്തിൽ നിന്ന് കണ്ടെത്തണമെന്നും യു.ഐ.ഡി.എ.ഐ മുൻ ഡയറക്ടർ ജനറലും ഒ.എൻ.ഡി.സി മുൻ ചെയർമാനുമായ ആർ.എസ്. ശർമ. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യു.പി.ഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) അല്ലെങ്കിൽ ട്രാൻസാക്ഷൻ ഫീസ് ഏർപ്പെടുത്തുന്നത് ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവത്തിന്റെ നേട്ടങ്ങളെ തകർക്കും. ചെറിയ തുകകൾക്ക് പോലും ചാർജ് ഈടാക്കാൻ തുടങ്ങിയാൽ വ്യാപാരികളും ഉപഭോക്താക്കളും വീണ്ടും പഴയതുപോലെ പണമിടപാടുകളിലേക്ക് മടങ്ങാൻ ഇത് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ 10എ വകുപ്പ് ഭേദഗതി ചെയ്തുകൊണ്ടുള്ള ബിൽ പാർലമെന്റ് പാസാക്കിയ പശ്ചാത്തലത്തിലാണ് ഈ ചർച്ച ഉയർന്നത്. നിലവിൽ ഭീം-യു.പി.ഐ, രൂപേ കാർഡുകൾ എന്നിവയ്ക്ക് ചാർജ് ഇല്ലെങ്കിലും, ഭാവിയിൽ ചാർജ് ഈടാക്കാവുന്ന പേയ്‌മെന്റ് രീതികൾ വിജ്ഞാപനം ചെയ്യാൻ ഈ ഭേദഗതി സർക്കാറിന് അധികാരം നൽകുന്നുണ്ട്. എന്നാൽ കാർഡ് പേയ്‌മെന്റുകൾക്ക് ഈടാക്കുന്ന എം.ഡി.ആർ ശൈലി യു.പി.ഐയുടെ സാമ്പത്തിക ഘടനക്ക് അനുയോജ്യമല്ലെന്ന് ശർമ ചൂണ്ടിക്കാട്ടി.
യു.പി.ഐയുടെ വലിയ വ്യാപ്തി കാരണം വളരെ ചെറിയൊരു ട്രാൻസാക്ഷൻ ചാർജ് പോലും വിപണിയിൽ വലിയ ആഘാതം ഉണ്ടാക്കും. വലിയ ബാങ്ക് കൈമാറ്റങ്ങൾ കൂടി ഉൾപ്പെടുന്നതിനാൽ കണക്കുകളിൽ ശരാശരി ഇടപാട് തുക 1,300 രൂപയോളം വരുന്നുണ്ടെങ്കിലും, വ്യാപാരികൾ നടത്തുന്ന 86 ശതമാനം ഇടപാടുകളും 500 രൂപയിൽ താഴെയുള്ള ചെറിയ തുകകളാണ്. ഇതിൽ വെറും 0.3% ചാർജ് ഏർപ്പെടുത്തിയാൽ പോലും ചില്ലറ വിൽപ്പന മേഖലക്ക് പ്രതിവർഷം 27,000 കോടിയോളം രൂപയുടെ അധികച്ചെലവ് വരും. വ്യാപാരികൾ ഈ തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ തുടങ്ങുന്നതോടെ ആളുകൾ ഡിജിറ്റൽ രീതികൾ ഉപേക്ഷിക്കും.
നോട്ടുകൾ അച്ചടിക്കുന്നതിനായി റിസർവ് ബാങ്ക് പ്രതിവർഷം 5,000 മുതൽ 6,400 കോടി രൂപ വരെ ചെലവഴിക്കുന്നുണ്ട്. കറൻസി സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ചെലവുകൾ ഇതിനുപുറമെയാണ്. ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതോടെ ബാങ്കുകൾക്കും സർക്കാറിനും വലിയ തുക ലാഭിക്കാൻ സാധിക്കുന്നുണ്ട്. ഉപയോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കുന്നതിന് പകരം, ഡിജിറ്റൽ പേയ്‌മെന്റുകൾ വഴി ഉണ്ടാകുന്ന ഈ ലാഭത്തിൽ നിന്നും ഒരു വിഹിതം ഉപയോഗിച്ച് യു.പി.ഐ അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തണമെന്നാണ് അദ്ദേഹം നിർദേശിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)