പൊലീസ് സുരക്ഷ ചോദ്യം ചെയ്തതിന് പിന്നാലെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് അതുലിന് നേരെ ആക്രമണം
പിണറായി വിജയന്റെയും എ.എൻ. ഷംസീറിന്റെയും സുരക്ഷ പുനഃപരിശോധിക്കണമെന്ന പരാതിക്ക് പിന്നാലെയാണ് ആക്രമണമെന്ന് കെ.എസ്.യു; സി.പി.എം പ്രവർത്തകരാണ് പിന്നിലെന്നും ആരോപണം
കൂത്തുപറമ്പ്: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെയും പൊലീസ് സുരക്ഷ ചോദ്യം ചെയ്ത് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ ആക്രമണം. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിന് സമീപമാണ് സംഭവം.
പിണറായി വിജയനും എ.എൻ. ഷംസീറിനും ഏർപ്പെടുത്തിയിരിക്കുന്ന പൊലീസ് സുരക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് അതുൽ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയത്. ഇതിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കെ.എസ്.യു നേതാക്കളുടെ ആരോപണം.
കൂത്തുപറമ്പ് ടൗണിന് സമീപം ഒരു സംഘം അതുലിനെ തടഞ്ഞുനിർത്തി അരമണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് മർദിച്ചതെന്നാണ് പരാതി. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നും കെ.എസ്.യു ആരോപിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ എം.സി. അതുൽ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണം ആസൂത്രിത വധശ്രമമാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)