മക്കളുമായി കൊക്കയിൽ ചാടി ഗുസ്തി താരം; മൂന്ന് മരണം
മഹാരാഷ്ട്രയിലെ നൽദുർഗ് കോട്ടയിൽ നിന്ന് കുട്ടികളോടൊപ്പം കൊക്കയിൽ ചാടി ദേശീയ ഗുസ്തി താരം അശ്വിനി മനോഹർ പോൾ ജീവനൊടുക്കിയതായി റിപ്പോർട്ട്. മൂന്ന് പേർ മരിച്ചു.
മുംബൈ: ദേശീയ ഗുസ്തി താരം അശ്വിനി മനോഹർ പോൾ മൂന്ന് മക്കളോടൊപ്പം കൊക്കയിൽ ചാടി ജീവനൊടുക്കിയതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ നൽദുർഗ് കോട്ടയിൽ നിന്നാണ് നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് അശ്വിനി ചാടിയത്.
അശ്വിനിയും അഞ്ചര വയസ്സുള്ള മകൻ അജിങ്ക്യയും സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടര വയസ്സുള്ള ഇരട്ട പെൺമക്കളിൽ ഒരാളായ ക്രാന്തി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരുക്കേറ്റ രണ്ടാമത്തെ മകൾ വീര ധാരാശിവിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.13ഓടെയാണ് അശ്വിനി മൂന്ന് കുട്ടികളോടൊപ്പം കോട്ടയ്ക്കുള്ളിൽ പ്രവേശിച്ചതെന്ന് എൻട്രി രജിസ്റ്ററിൽ നിന്ന് വ്യക്തമായി. കോട്ടയ്ക്കുള്ളിലേക്ക് ഭക്ഷണം കൊണ്ടുപോകുന്നതിന് വിലക്കുണ്ടായിരുന്നിട്ടും കേക്കും ചോക്ലേറ്റുകളുമായാണ് ഇവർ എത്തിയത്. എൻട്രി കൗണ്ടറിലെ ജീവനക്കാരൻ ഇത് ചോദ്യം ചെയ്തപ്പോൾ കുട്ടിയുടെ ജന്മദിനമാണെന്നായിരുന്നു അശ്വിനിയുടെ മറുപടി. ഭർത്താവ് തൊട്ടുപിന്നാലെ കോട്ടയിലെത്തുമെന്നും ഇവർ ജീവനക്കാരോട് പറഞ്ഞിരുന്നു.
എന്നാൽ കുട്ടികളിൽ ആരുടെയും ജന്മദിനം സെപ്റ്റംബർ നാലിന് അല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. അശ്വിനിക്ക് പിന്നാലെ ഭർത്താവ് യഥാർഥത്തിൽ കോട്ടയിലെത്തിയിരുന്നോ എന്ന കാര്യവും വ്യക്തമായിട്ടില്ല.
ഭർതൃവീട്ടിൽ നിന്ന് പീഡനം നേരിട്ടിരുന്നെന്ന് പിതാവ്
അശ്വിനി ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും നിരന്തരം പീഡനം നേരിട്ടിരുന്നതായി പിതാവ് ആരോപിച്ചു. കടുത്ത ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് താരം ഇരയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ദേശീയ ഗുസ്തിയിലെ ശ്രദ്ധേയ താരം
മഹാരാഷ്ട്രയുടെ 'പെൺപുലി' എന്നറിയപ്പെട്ടിരുന്ന അശ്വിനി 2007ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ ഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതോടെയാണ് ശ്രദ്ധേയയായത്. 2008ലും 2009ലും ഗുർദാസ്പുരിലും ചെന്നൈയിലും നടന്ന ദേശീയ മത്സരങ്ങളിലും സ്വർണ മെഡൽ സ്വന്തമാക്കി.
ഭോപ്പാൽ, കാൻപുർ, ഹരിയാന, പുണെ, കന്യാകുമാരി, സൈഫായ് എന്നിവിടങ്ങളിൽ നടന്ന ദേശീയ മത്സരങ്ങളിലും അശ്വിനി മികച്ച പ്രകടനം കാഴ്ചവച്ചു. കരിയറിൽ ആകെ അഞ്ച് സ്വർണവും ആറ് വെള്ളിയും ഉൾപ്പെടെ 11 ദേശീയ മെഡലുകളാണ് താരം സ്വന്തമാക്കിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)