‘വിദ്യാർഥികളുടെ ഏത് ആവശ്യമാണ് സർക്കാർ ഹനിച്ചത്?’; എസ്എഫ്ഐ സമരത്തിനെതിരെ രമേശ് ചെന്നിത്തല

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ട് 100 ദിവസം മാത്രം; സിപിഎമ്മിലെ അഭിപ്രായവ്യത്യാസങ്ങൾ മറയ്ക്കാൻ വിദ്യാർഥികളെയും യുവജനങ്ങളെയും കരുവാക്കരുതെന്നും വിമർശനം

Sep 02, 2026 - 13:48
0
‘വിദ്യാർഥികളുടെ ഏത് ആവശ്യമാണ് സർക്കാർ ഹനിച്ചത്?’; എസ്എഫ്ഐ സമരത്തിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂവെന്നും ഇതിനിടയിൽ എന്ത് വലിയ സംഭവമാണ് ഉണ്ടായതെന്ന് വ്യക്തമല്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ വലിയ സമരങ്ങൾ നടത്തുന്നതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളുടെ ഏത് ആവശ്യമാണ് സർക്കാർ ഹനിച്ചതെന്ന് പ്രതിപക്ഷം വ്യക്തമാക്കണം. വിദ്യാർഥികളെ ഇളക്കിവിട്ട് അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പ്രതിപക്ഷം അൽപം ക്ഷമിക്കാൻ തയ്യാറാകണം, ചെന്നിത്തല പറഞ്ഞു.

സിപിഎമ്മിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ മറയ്ക്കാൻ വിദ്യാർഥികളെയും യുവജനങ്ങളെയും കരുവാക്കരുതെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടിയുടെ സമ്പൂർണ സമ്മേളനത്തിന് മുമ്പ് അധികാരം ഉറപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരം സമരങ്ങളെന്നും ചെന്നിത്തല ആരോപിച്ചു.

സമരത്തിനിടെ പോലീസിന് നേരെ ആക്രോശിക്കുകയും ആക്രമിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

അതേസമയം, ജലപീരങ്കി പ്രയോഗത്തിനായി മലിനജലം ഉപയോഗിച്ചെന്ന പ്രതിപക്ഷ ആരോപണവും ചെന്നിത്തല തള്ളി. ജലപീരങ്കി പ്രയോഗിക്കുന്നത് ഇതാദ്യമല്ലെന്നും കഴിഞ്ഞ പത്ത് വർഷമായി ഇതിനായി ഉപയോഗിച്ചുവരുന്ന അതേ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലിനജലം ഉപയോഗിച്ചെന്ന ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User