രണ്ടാഴ്ചയ്ക്കുള്ളിൽ കഴിഞ്ഞ വർഷത്തെ വിൽപ്പന മറികടന്ന് സർക്കാർ കലണ്ടർ; 10 ലക്ഷം കൂടി അച്ചടിക്കാൻ തീരുമാനം
നിറം മാറിയ നീല കലണ്ടറിന് റെക്കോർഡ് വിൽപ്പന; നവംബർ 12 വരെ വിറ്റത് 1.72 ലക്ഷത്തിലധികം കോപ്പികൾ
തിരുവനന്തപുരം: നിറം മാറിയ നീല നിറത്തിലുള്ള സംസ്ഥാന സർക്കാരിന്റെ 2027ലെ കലണ്ടറിന് വിപണിയിൽ വൻ സ്വീകാര്യത. വിൽപ്പന ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ കഴിഞ്ഞ വർഷത്തെ ആകെ വിൽപ്പന മറികടന്ന് കലണ്ടർ റെക്കോർഡ് നേട്ടം സ്വന്തമാക്കി. ഒക്ടോബർ 23 മുതൽ നവംബർ 12 വരെ 1,72,836 കലണ്ടറുകളാണ് വിതരണം ചെയ്തത്.
ഇതിൽ 1,57,226 എണ്ണം പണം വാങ്ങി വിറ്റപ്പോൾ 15,610 എണ്ണം സൗജന്യമായി വിതരണം ചെയ്തു. ഓരോ പത്ത് കലണ്ടറുകൾ വാങ്ങുമ്പോഴും ഒരു കലണ്ടർ സൗജന്യമായി നൽകുന്ന രീതിയിലായിരുന്നു വിതരണം. കഴിഞ്ഞ വർഷം 2026 മാർച്ച് വരെ ആകെ 1.65 ലക്ഷം കലണ്ടറുകളാണ് വിറ്റഴിച്ചിരുന്നത്. എന്നാൽ ഇത്തവണ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഈ കണക്ക് മറികടക്കാനായി.
വർധിച്ച ആവശ്യകത കണക്കിലെടുത്ത് 2027ലെ കലണ്ടറിന്റെ പത്ത് ലക്ഷം കോപ്പികൾ കൂടി അച്ചടിക്കാനാണ് സർക്കാർ തീരുമാനം. ഇതുവരെ വിവിധ ഡിപ്പോകളിലായി എത്തിച്ച 2,96,000 കലണ്ടറുകളിൽ 1,23,164 എണ്ണം മാത്രമാണ് സ്റ്റോക്കുള്ളത്. 40 രൂപയാണ് ഒരു കലണ്ടറിന്റെ വില.
ഏറ്റവും കൂടുതൽ കലണ്ടറുകൾ വിതരണം ചെയ്തത് തിരുവനന്തപുരത്തെ ജിസിപി പബ്ലിക്കേഷൻ വഴിയാണ്. ഇവിടെനിന്ന് 40,360 കലണ്ടറുകൾ വിതരണം ചെയ്തു. ഇതിൽ 36,749 എണ്ണം വിറ്റഴിക്കുകയും 3,611 എണ്ണം സൗജന്യമായി നൽകുകയും ചെയ്തു.
ജില്ലാ ഫോറം സ്റ്റോറുകളിൽ എറണാകുളമാണ് വിൽപ്പനയിൽ മുന്നിൽ. മറ്റ് കേന്ദ്രങ്ങളിലെ വിതരണ കണക്കുകൾ ചുവടെ:
കോട്ടയം – 16,396
തൃശൂർ – 14,001
പാലക്കാട് – 13,117
കോഴിക്കോട് – 12,665
കൊല്ലം – 12,594
കണ്ണൂർ – 12,145
ആലപ്പുഴ – 9,375
മലപ്പുറം – 9,039
പത്തനംതിട്ട – 4,254
മണ്ണന്തല എഫ്.എസ് – 1,917
കാസർകോട് – 1,493
വയനാട് – 1,281
കഴിഞ്ഞ വർഷത്തെ വിൽപ്പന റെക്കോർഡ് കുറഞ്ഞ സമയത്തിനുള്ളിൽ മറികടന്നതോടെ സർക്കാർ കലണ്ടറിനുള്ള ആവശ്യകതയാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)