മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു
ഭാര്യയെ രക്ഷിക്കാൻ ഭർത്താവും അവരെ രക്ഷിക്കാൻ 16 കാരനും ശ്രമിക്കുകയായിരുന്നു
കാസറഗോഡ് പയസ്വിനി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. കുണ്ടംകുഴി തോണിക്കടവ് ചൊട്ടയിലാണ് സംഭവം.
കുണ്ടംകുഴി ഗദ്ദമൂലയിലെ ചന്ദ്രോജിയുടെ മകൻ നിധിൻ (38),ഭാര്യ ദീക്ഷ (30) നിധിന്റെ ജ്യേഷ്ഠന്റെ മകൻ പത്താം ക്ലാസ്സ് വിദ്യാർത്ഥി മനീഷ് (16) എന്നിവരാണ് മരിച്ചത്. മരിച്ച ദമ്പതികൾക്ക് രണ്ടു വയസ്സുള്ള മകനുണ്ട് ദീക്ഷിത്.
ഇന്ന് വൈകുന്നേരം 3.15 മണിയോടെയാണ് സംഭവം. അടുത്തിടെ ഗൾഫിൽ നിന്നും വന്ന നിധിനും കുടുംബാംഗങ്ങളും ഉൾപ്പെടെ, ഒമ്പത് പേരാണ് പുഴ കാണാൻ പോയത്. നിധിൻ കുളിക്കുമ്പോൾ ഭാര്യ ദീക്ഷ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ദീക്ഷയോടൊപ്പം വെള്ളത്തിൽ താഴുകയായിരുന്നു. അവരെ രക്ഷിക്കാൻ എടുത്തു ചാടുകയായിരുന്നു 16 കാരനായ മനീഷ്.
മൂന്നുപേരും മുങ്ങിയതോടെ കൂടെയുള്ളവർ ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ്നെ വിവരമറിയിക്കുകയും അവരെത്തി മൃതദേഹങ്ങൾ പുറത്തെടുക്കുകയും ചെയ്തു.