തൃക്കാക്കരയിലെ ഫലസൂചന സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഞെട്ടി സിപിഎം

തൃക്കാക്കരയിലെ ഫലസൂചന സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഞെട്ടി സിപിഎം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനാവുമെങ്കിലും തോല്‍വി ഉറപ്പെന്ന് സിപിഎം നേതൃത്വത്തിന്റെ വിശകലനം. മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടും ബൂത്ത് ഏജന്റുമാരുടെ കണക്കുകൂട്ടലുകളും പരിശോധിച്ചതിന് ശേഷമാണ് നിഗമനം. തോല്‍വി സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും സര്‍ക്കാരിന് കിട്ടിയതായാണ് വിവരം. ഫലം രണ്ട് ദിവസത്തിനുള്ളില്‍ വരാനിരിക്കെ ഇക്കാര്യത്തില്‍ സ്ഥിരികരണമുണ്ടായിട്ടില്ല. ഏഴായിരത്തിനും പതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയം കൊയ്യുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 2021ലെ തെരഞ്ഞെടുപ്പില്‍ പതിനാലായിരത്തിലധികം വോട്ടുകള്‍ക്കാണ് പിടി തോമസ് വിജയിച്ചത്. ആ ഭൂരിപക്ഷം ഇടിയ്ക്കാനായത് മാത്രമാണ് സിപിഎമ്മിന് നേട്ടമായത്. തോല്‍വിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലെ പ്രസംഗമാണ്. പി ടി തോമസ് മരിച്ചത് തൃക്കാക്കരയുടെ സൗഭാഗ്യത്തിന് കാരണമായെന്ന പരാമര്‍ശം സിപിഎമ്മിന് തിരിച്ചടിയായി. പിടി തോമസിന്റെ മരണത്തില്‍ ഏറെ വേദനിച്ച തൃക്കാക്കരയിലെ ജനങ്ങളെ അപമാനിക്കുന്ന രീതിയിലാണ് പിണറായി സംസാരിച്ചതെന്ന് ആക്ഷേപവും ശക്തമായിരുന്നു. ട്വന്റി20 -എഎപി മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് വോട്ടിങ് ശതമാനത്തില്‍ കുറവ് വന്നതെന്നും വിലയിരുത്തുന്നു.