മിൽമ പാൽവില വർദ്ധിപ്പിച്ചു. ഒറ്റയടിയ്ക്ക് 6 രൂപയുടെ വർദ്ധനവ്

മിൽമ പാൽവില വർദ്ധിപ്പിച്ചു. ഒറ്റയടിയ്ക്ക് 6 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് മിൽമ പാൽവില ഒറ്റയടിയ്ക്ക് 6രൂപയാണ് വർദ്ധിപ്പിച്ചു.  ഡിസംബർ ഒന്നു മുതൽ വില വർധന  പ്രാബല്യത്തിൽ വരും. കർഷകന് ലിറ്ററിന് 5 രൂപ നാല് പൈസ വരെ വില വർധനവ് ലഭിക്കുമെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ്. മണി അറിയിച്ചു. പാൽ അനുബന്ധ ഉൽപ്പന്നങ്ങളായ തൈര്, മോര് , നെയ്യ് എന്നിവയുടെ വിലയിലും ആനുപാതികമായ വർദ്ധനവ് ഉണ്ടാവും. വിലവർധനയുടെ 83.75% കർഷകർക്ക് നൽകും. അതായത് ലിറ്ററിന് 5 രൂപ നാല് പൈസ വരെ വില വർധനവ് കർഷകന് ലഭിക്കും. ക്ഷീര മേഖലയെ കുറിച്ച് പഠനം നടത്തിയ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വില വർധനവ്. ഇതിന് സർക്കാരിന്റെ അനുമതി ഉണ്ടെന്നും കെ എസ് മണി അറിയിച്ചു.കാലിത്തീറ്റ ഉൾപ്പെടെ പാൽ ഉൽപാദനത്തിന്റെ അസംസ്കൃത വസ്തുക്കളുടെ കൂടിയ വിലയാണ് വില വർധനവിന് കാരണം. ഒരു ലിറ്റർ പാൽ ഉൽപാദിക്കുമ്പോൾ കർഷകന് 8.57 രൂപയുടെ നഷ്ടം സംഭവിക്കുന്നതായിട്ടാണ് കണ്ടെത്തിയത്. 2019 നു ശേഷം 2022ൽ മാത്രമാണ് മിൽമ കാലിത്തീറ്റയ്ക്ക് വില വർദ്ധിപ്പിച്ചിട്ടുള്ളത്, കാലിത്തീറ്റയുടെ അസംസ്കൃത വസ്തുക്കളുടെ വില കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഉടനെ ഒരു വില വർധനവിന് സാധ്യതയില്ല. സംസ്ഥാനത്തെ പാൽ ഉൽപാദനത്തിൽ 12% കുറവ് വന്നപ്പോൾ വിൽപ്പനയിൽ 12ശതമാനം അധികരിക്കുകയും ചെയ്തിട്ടുണ്ട് അതുകൊണ്ട് 24 ശതമാനം പാലിന്റെ കുറവാണ് അനുഭവപ്പെടുന്നത്. കർഷകർക്ക് ഉയർന്ന വില നൽകി പാൽ ഉൽപാദനം വർദ്ധിപ്പിച്ച് കുറവ് നികത്താനാണ് മിൽമ ശ്രമിക്കുന്നത്.