ബിജെപി വിമത കൺവെൻഷൻ: ശോഭ സുരേന്ദ്രൻ നേതൃത്വം നൽകി
പാലക്കാട് ബിജെപി വിഭാഗീയത മറനീക്കി പുറത്തുവന്നു
പത്മദുര്‍ഗം സേവാസമിതി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ എന്ന പേരിൽ പാലക്കാട് ചിറ്റൂര്‍ മണ്ഡലത്തിലെ ബിജെപി വിമതര്‍ യോഗം ചേര്‍ന്നു.
ജില്ലയിൽ ബിജെപിയിലെ ഭിന്നത, തുറന്ന പോരിൽ എത്തിയിരിക്കുകയാണ് ചിറ്റൂരിലെ വിമത കണ്‍വെന്‍ഷനോടെ.
നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ നിരവധി പേരാണ് പങ്കെടുത്തത്. മുൻപ് ബിജെപിയില്‍ നിന്ന് പുറത്താക്കിയവരും യോഗത്തില്‍ പങ്കെടുത്തു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍, എന്‍ ശിവരാജനും കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ബിജെപി പ്രവര്‍ത്തകര്‍ ഇതര രാഷ്ട്രീയപാർട്ടികളിലേക്ക് കൂട്ടത്തോടെ പോകുന്നത് തടയുകയാണ് കണ്‍വെന്‍ഷനിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് പത്മദുര്‍ഗം സേവാസമിതി നേതാക്കള്‍ പറയുന്നത്. എന്നാല്‍ ബിജെപി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയല്ല സേവാസമിതി കണ്‍വെന്‍ഷന്‍ നടത്താന്‍ കാരണമെന്ന് ശോഭാ സുരേന്ദ്രനും പറഞ്ഞു.വിലക്ക് മറികടന്ന് പ്രവര്‍ത്തകര്‍ വിമത കണ്‍വെന്‍ഷനിൽ പങ്കെടുത്തത് ബിജെപി ജില്ലാ നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മേഖലയിലെ ജനപ്രതിനിധികളടക്കമുള്ളവർ യോഗത്തില്‍ പങ്കെടുത്തിരുന്നു.