പി.സി. ജോർജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപിയിൽ തിരിച്ചടി; സംസ്ഥാന വൈസ് പ്രസിഡന്റ് നടൻ ദേവൻ പ്രാഥമിക അംഗത്വം രാജിവെച്ചു
ബിജെപിയുടെ രാഷ്ട്രീയ ലൈൻ തനിക്ക് യോജിക്കുന്നില്ലെന്ന് ദേവൻ; വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു
ആലപ്പുഴ: പി.സി. ജോർജിന്റെ ബിജെപിയെ സംബന്ധിച്ച വെളിപ്പെടുത്തലുകൾക്കിടെ ബിജെപിയിൽ തിരിച്ചടി. സംസ്ഥാന വൈസ് പ്രസിഡന്റും നടനുമായ ദേവൻ പാർട്ടിയുടെ പ്രാഥമിക അംഗത്വവും വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ പരിപാടിക്കിടെയാണ് ദേവൻ രാജി പരസ്യമായി പ്രഖ്യാപിച്ചത്. വെള്ളാപ്പള്ളി നടേശനും ബിജെപി നേതാവ് രാധാകൃഷ്ണ മേനോനും വേദിയിലിരിക്കെയായിരുന്നു പ്രഖ്യാപനം.
“വൈസ് പ്രസിഡന്റ് സ്ഥാനവും ഭാരതീയ ജനതാ പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കാനുള്ള രാജിക്കത്ത് ഞാൻ എഴുതി വെച്ചിരിക്കുന്നു” എന്ന് ദേവൻ പറഞ്ഞു.
ബിജെപിയുടെ രാഷ്ട്രീയ ലൈൻ തനിക്ക് യോജിക്കുന്നതല്ലെന്ന് ബോധ്യപ്പെട്ടതാണ് രാജിക്ക് കാരണമെന്ന് ദേവൻ വ്യക്തമാക്കി. നാലഞ്ച് മാസമായി രാജിയെക്കുറിച്ച് ആലോചിച്ചുവരികയായിരുന്നുവെന്നും ഇന്നലെ ആത്മപരിശോധന നടത്തിയ ശേഷമാണ് രാജിവെക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2026ലെ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും അവ നടപ്പായില്ലെന്നും ദേവൻ വ്യക്തമാക്കി. കഴിഞ്ഞ തവണ സുരേഷ് ഗോപിയുടെയും ഇത്തവണ രാജീവ് ചന്ദ്രശേഖറിന്റെയും വിജയത്തിൽ താൻ വഹിച്ച പങ്കിനെക്കുറിച്ചും ശോഭാ സുരേന്ദ്രനുവേണ്ടി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പരിപാടിയിൽ വിശദീകരിച്ചു.
2004ൽ കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ച ദേവൻ 2021 മാർച്ചിൽ അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നിരുന്നു. പിന്നീട് പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിച്ചു. 2021 മുതലുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം ദേവൻ ബിജെപിക്കൊപ്പമായിരുന്നു.
അതേസമയം, ഇലക്ഷൻ ഫണ്ട് തിരിമറി വിഷയവും സംസ്ഥാന നേതൃത്വത്തോടുള്ള കടുത്ത അതൃപ്തിയാണ് രാജിക്ക് പിന്നിലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. രാജിക്ക് ശേഷം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടും ദേവൻ പ്രഖ്യാപിച്ചിട്ടില്ല.
പി.സി. ജോർജിന്റെ ബിജെപിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ ചർച്ചയായിരിക്കെയാണ് ദേവന്റെ രാജിയെന്നതും രാഷ്ട്രീയമായി ശ്രദ്ധേയമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)