10 സ്വാതന്ത്ര സമര സേനാനികളുടെ പേര് പറ ; RSSനെ വെല്ലുവിളിച്ച് കര്‍ണാടക കോണ്‍ഗ്രസ്

ആർഎസ്എസിന്റെ സ്വാതന്ത്ര്യസമരത്തിലെ പങ്കും സംഘടനയുടെ രജിസ്ട്രേഷനും ചോദ്യം ചെയ്ത് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ നടത്തിയ വിമർശനങ്ങൾ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുന്നു.

Aug 16, 2026 - 15:43
Updated: 1 hour ago
0
10 സ്വാതന്ത്ര സമര സേനാനികളുടെ പേര് പറ ; RSSനെ വെല്ലുവിളിച്ച് കര്‍ണാടക കോണ്‍ഗ്രസ്

നിങ്ങള്‍ക്ക് സ്വാതന്ത്ര ദിനം ആഘോഷിക്കാന്‍ അവകാശമില്ല. അതിന് ഞങ്ങളുണ്ട്. കര്‍ണാടക ആഭ്യന്തരമന്ത്രി  പ്രിയങ്ക് ഖാര്‍ഗെയുടെ വാക്കുകളാണ് ഇത്. ബ്രിട്ടീഷ് ഭരണ കാലത്ത് സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ എന്താണ് ആര്‍ എസ് എസിന്റെ റോള്‍ എന്നും മന്ത്രി ചോദിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി ഈ രാജ്യത്ത് ഉയര്‍ന്നുവന്ന ചോദ്യം പ്രിയങ്ക് ഖാര്‍ഗെ ആവര്‍ത്തിച്ചതാണെങ്കിലും അത് ബിജെപിക്ക് നല്‍കുന്ന തിരിച്ചടി വലുതാണ്. രാജ്യത്തെ സ്വന്തം പോക്കറ്റിലാക്കി ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘപരിവാറിനെതിരെ പ്രയങ്ക് ഖാര്‍ഗെ നടത്തിയ വിമര്‍ശനങ്ങള്‍ എല്ലാക്കാലവും പ്രസക്തമാണ്. സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികളായ 500 കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പട്ടിക നല്‍കാന്‍ തനിക്ക് കഴിയും, സമാനമായി 50 പേരുടെ പട്ടികയെങ്കിലും നല്‍കാന്‍ ആര്‍എസ്എസിന് സാധിക്കുമോയെന്നും ഖാര്‍ഗെ വെല്ലുവിളിക്കുന്നുണ്ട്. വിഭജന കാലത്തെ വര്‍ഗീയ കലാപങ്ങളില്‍ ജനങ്ങളെ സംരക്ഷിക്കാന്‍ സംഘടന എന്ത് പങ്കാണ് വഹിച്ചതെന്നും ഖാര്‍ഗെ ചോദിച്ചു. ആര്‍എസ്എസ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത ഒരു സംഘടനയല്ലാത്തതിനാല്‍ അതിനെ നിരോധിക്കാന്‍ പോലും സാധിക്കില്ലെന്ന പരിഹാസവും ഖാര്‍ഗെയില്‍ നിന്നുണ്ടാകുന്നുണ്ട്. ഒരു സംഘടനയെ നിരോധിക്കണമെങ്കില്‍ ആദ്യം അത് രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതല്ലേ എന്നാണ്  ഖാര്‍ഗെ ചോദിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും സംഘടനകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ബില്‍ ആര്‍എസ്എസിനെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന ബിജെപിയുടെ ആരോപണവും മന്ത്രി തള്ളി കളഞ്ഞു. രജിസ്റ്റര്‍ ചെയ്തതോ അല്ലാത്തതോ ആയ ഏത് സംഘടനകള്‍ക്കും പൊതുസ്വത്ത് ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കുന്ന ബില്ലാണ് കര്‍ണാടക സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും നിര്‍ദേശങ്ങള്‍ക്ക് നിയമപരമായ അടിത്തറ നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി വിശദീകരിച്ചിട്ടുണ്ട്. ബില്ലില്‍ ഏതെങ്കിലും സംഘടനയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടോ എന്ന് ബിജെപി വ്യക്തമാക്കണം. അവരുടെ വിമര്‍ശനങ്ങളെ പ്രിയങ്ക് ഫോബിയ ആയി മാത്രമേ കാണുന്നുള്ളൂവെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. ഇത് ആദ്യമായിെട്ടാന്നുമല്ല ആര്‍ എസ് എസിനെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ വിമര്‍ശിക്കുന്നത്. അതേ സമയം ആര്‍.എസ്.എസ് സര്‍ക്കാര്‍ തലത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഭാരതമെന്ന രാജ്യത്തെയോ ഹിന്ദു എന്ന സനാതന ധര്‍മത്തെയോ ആര്‍.എസ്.എസ് എന്ന സംഘടനയുമായി സമീകരിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം താലിബാന്റെ ചിന്താഗതിക്ക് സമാനമാണ്. ഒരൊറ്റ മതവ്യാഖ്യാനം എല്ലാവരിലും അടിച്ചേല്‍പ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ഹിന്ദുമതം രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ തങ്ങള്‍ക്കും രജിസ്ട്രേഷന്‍ ആവശ്യമില്ലെന്ന ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വാദങ്ങളെ പൂര്‍ണമായും കര്‍ണാടക സര്‍ക്കാര്‍ തളളി കളയുന്നുണ്ട്. മതം വേറെ, ആര്‍.എസ്.എസ് എന്ന സംഘടന വേറെ. യാഥാര്‍ത്ഥ്യം പറഞ്ഞാല്‍ ആര്‍.എസ്.എസുകാര്‍ യഥാര്‍ത്ഥ ഹിന്ദുക്കളല്ല. അവര്‍ ഹിന്ദു മതത്തിന്റെ യഥാര്‍ത്ഥ തത്വങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ കേവലം ഹിന്ദുത്വവാദികള്‍ മാത്രമാണ്. അല്ലാതെ ഹിന്ദു മതത്തിന്റെ പ്രതിനിധികളല്ല എന്നാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നത്. താലിബാന്‍ എങ്ങനെയാണോ ഇസ്ലാം മതത്തിന് ഒരൊറ്റ വ്യാഖ്യാനം മാത്രം നല്‍കി വൈവിധ്യങ്ങളെ അടിച്ചമര്‍ത്തുന്നത്, അതുപോലെ ഹിന്ദു മതത്തിന് ഒരൊറ്റ നിര്‍വചനം നല്‍കി ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും പറയുന്നുണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍.

രാജ്യത്തിന്റെ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ആര്‍.എസ്.എസിന് മാത്രം പ്രത്യേക ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്നും പ്രിയങ്ക് ഖാര്‍ഗെ ഓര്‍മിപ്പിക്കുമ്പോള്‍ നിരോധനം എന്ന ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ ഇനി അധികനാള്‍ വേണ്ടിവരില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രാജ്യത്തുടനീളം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമിയും കെട്ടിടങ്ങളും ആര്‍.എസ്.എസിന് സ്വന്തമായിട്ടുണ്ട്. ഇത്രയും വലിയ ആസ്തികള്‍ വാങ്ങുന്നതിനും ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ നിലനിര്‍ത്തുന്നതിനുമുള്ള പണം എവിടെ നിന്ന് വരുന്നു എന്ന് പൊതുസമൂഹത്തിന് അറിയാന്‍ അവകാശമുണ്ട്. ഒരു സാധാരണക്കാരന്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വരുമ്പോള്‍, വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ആര്‍.എസ്.എസിനെ എങ്ങനെയാണ് സൊസൈറ്റി രജിസ്ട്രേഷന്‍ നിയമങ്ങളില്‍ നിന്ന് ഒഴിവാക്കുകയെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നുണ്ട്. ആര്‍.എസ്.എസിന് സര്‍ക്കാര്‍ രജിസ്ട്രേഷനില്‍നിന്ന് ഇളവ് നല്‍കുന്ന ഭരണഘടനാ വ്യവസ്ഥയോ നിയമമോ ഏതാണെന്ന് വ്യക്തമാക്കാൻ പ്രിയങ്ക് വെല്ലുവിളിച്ചിട്ടുണ്ട്...

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User